ഇറക്കുമതി ചര്‍ച്ച കയ്യേറ്റമായി; പാര്‍ലമെന്‍റില്‍ പന്നിയുടെ കുടല്‍ വലിച്ചെറിഞ്ഞ് എംപിമാര്‍

By Web TeamFirst Published Nov 27, 2020, 7:06 PM IST
Highlights

തായ്വാനിലെ പ്രധാന പ്രതിപക്ഷ സംഘടനയായ കൂവോമിന്‍ടാംഗ് പാര്‍ട്ടി അംഗമാണ് മറ്റൊരംഗത്തിന് നേരെ പന്നിയുടെ കുടല്‍ വലിച്ചെറിഞ്ഞത്. സഭ മറ്റ് ചര്‍ച്ചകളിലേക്ക് തിരിയുന്നത് തടയാനായായിരുന്നു ഇത്. 

തായ്പേയ്: ചര്‍ച്ചകളിലെ തര്‍ക്കം പരിധി വിട്ട് കയ്യേറ്റത്തിലെത്തിയതോടെ പന്നിയുടെ കുടല്‍ പരസ്പരം വാരിയെറിഞ്ഞ് എംപിമാര്‍. തായ്വാന്‍ പാര്‍ലമെന്‍റിലാണ് സംഭവം. പന്നി ഇറക്കുമതി സംബന്ധിച്ച് അമേരിക്കക്ക് ഇളവുകള്‍ നല്‍കിയത് സംബന്ധിച്ച ചര്‍ച്ചയാണ് നാടകീയ പോരാട്ടങ്ങളിലേക്ക് എത്തിയത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പന്നിയില്‍ റാക്ടോപാമൈന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

തായ്വാനിലും യൂറോപ്യന്‍ യൂണിയനിലും വിലക്കുള്ള ലഹരി വസ്തുവാണ് ഇത്. റാക്ടോപാമൈന്‍ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചത്. എന്നാല്‍ ഭരണപക്ഷം ഈ വാദങ്ങള്‍ നിഷേധിക്കുകയും മറ്റ് ചര്‍ച്ചകളിലേക്ക് തിരിയുകയും ചെയ്തതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളി തായ്വാന്‍ പാര്‍ലമെന്‍റില്‍ പുതിയ കാര്യമല്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട്. 

തായ്വാനിലെ പ്രധാന പ്രതിപക്ഷ സംഘടനയായ കൂവോമിന്‍ടാംഗ് പാര്‍ട്ടി അംഗമാണ് മറ്റൊരംഗത്തിന് നേരെ പന്നിയുടെ കുടല്‍ വലിച്ചെറിഞ്ഞത്. സഭ മറ്റ് ചര്‍ച്ചകളിലേക്ക് തിരിയുന്നത് തടയാനായായിരുന്നു ഇത്. ഇതോടെ സഭയിലെ മറ്റ് അംഗങ്ങളും ബക്കറ്റില്‍ കരുതിയ പന്നിയുടെ കുടല്‍ സഭയില്‍ വലിച്ചെറിഞ്ഞു. എന്നാല്‍ ഈ സമരത്തിലൂടെ ഭക്ഷ്യ വസ്തുവാണ് പ്രതിപക്ഷം പാഴാക്കിയതെന്നാണ് ഭരണപക്ഷം പ്രതികരിക്കുന്നത്. ജനുവരി ഒന്ന് മുതലാണ് അമേരിക്കയ്ക്ക് പന്നി ഇറക്കുമതിയില്‍ തായ്വാന്‍ ഇളവ് പ്രഖ്യാപിച്ചത്. 

പ്രസിഡന്‍റ് ത്സായ് ഇംഗ് വെന്‍ ആണ് ഇറക്കുമതി ഇളവ് പ്രഖ്യാപിച്ചത്. അടുത്തിടെയുണ്ടായ കുഭംകോണങ്ങള്‍ക്ക് പിന്നാലെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ കൈ കടത്തുന്നുവെന്നാരോപിച്ച് തായ്വാനില്‍ പ്രതിഷേധം ശക്തമാണ്. മുന്‍ വര്‍ഷങ്ങളില്‍ സഭാംഗങ്ങള്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നതിന് തായ്വാന്‍ പാര്‍ലമെന്‍റ് സാക്ഷിയാണ്. 2017ല്‍ സഭാഗംങ്ങള്‍ തമ്മില്‍ കസേരയേറ് വരെ നടന്നിരുന്നു. 

click me!