'മുഖം മറയ്ക്കണം'; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ,ഗര്‍ഭിണിയുടെ കൊലയില്‍ പങ്കില്ലെന്നും താലിബാന്‍

By Web TeamFirst Published Sep 6, 2021, 7:08 AM IST
Highlights

സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ താലിബാന്‍ പുറത്തിറക്കി. 

കാബൂള്‍: അഫ്ഗാനിൽ മുൻ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെകുറിച്ച് അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അമേരിക്കയെ സഹായിച്ചവർക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും താലിബാൻ പൊതുമാപ്പ് നൽകിയതാണെന്നും കൊലപാതകത്തിന് പിറകിൽ വ്യക്തിവിരോധം ആകാമെന്നും സബീഹുള്ള ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിലെ ഫിറോസ്കോ പ്രവിശ്യയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥ ബാനു നേഗർ കൊല്ലപ്പെട്ടത്. താലിബാൻ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവെക്കുയായിരുന്നെന്നും മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. 

പഞ്ച്ഷീര്‍ പ്രവിശ്യയില്‍ ഇപ്പോഴും താലിബാനും പ്രതിരോധ മുന്നണിയും തമ്മിൽ പോരാട്ടം തുടരുകയാണ്. താലിബാൻ വെടിവെപ്പ് നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് പ്രതിരോധ മുന്നണി വ്യക്തമാക്കി. മേഖലയിലെ നാല് ജില്ലകൾ പിടിച്ചെടുത്തെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ശക്തമായ പോരാട്ടം തുടരുന്നെന്നും താലിബാൻ മേഖലയിൽ കയറാനായിട്ടില്ലെന്നും പ്രതിരോധ മുന്നണി പ്രതികരിച്ചു. ഇരു ഭാഗത്തും മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഖ്യനേതാവ് അഹമ്മദ് മസൂദാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ താലിബാന്‍ പുറത്തിറക്കി. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറയ്ക്കണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം. പെൺകുട്ടികളെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്. ഇന്ന് സർവ്വകലാശാലകൾ തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് ഉത്തരവ് ഇറക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!