
കാബൂൾ: അഫ്ഗാനിലെ താലിബാൻ സർക്കാരിനെ മുല്ല ബരാദർ നയിക്കും. താലിബാന്റെ സ്ഥാപകരിൽ ഒരാളാണ് മുല്ല ബരാദർ. ഇറാൻ മാതൃകയിൽ പരമോന്നത ആത്മീയ നേതാവുള്ള സർക്കാർ ആയിരിക്കും താലിബാൻ സ്ഥാപിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും സൈന്യത്തിനും സർക്കാരിനും മേൽ അധികാരമുള്ള ആത്മീയ നേതാവ്. മരണംവരെ ആഗോള ഭീകരവാദ പട്ടികയിൽ ഉണ്ടായിരുന്ന മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബിന് സർക്കാരിൽ പ്രധാന പദവി ലഭിക്കും.
Read More: ആരാണ് മുല്ല അബ്ദുൽ ഗനി ബരാദർ എന്ന നിയുക്ത അഫ്ഗാൻ പ്രസിഡന്റ്?
താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്.
കശ്മീർ; താലിബാൻ നിലപാടിൽ മാറ്റം !
അഫ്ഗാനിസ്ഥാനിൽ സർക്കാർ പ്രഖ്യാപനം നടക്കാനിരിക്കെ കശ്മീരിനെക്കുറിച്ചുള്ള നിലപാടിലും താലിബാൻ മാറ്റം വരുത്തി. ജമ്മുകശ്മീരിലെ മുസ്ലിങ്ങൾക്കായി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ സർക്കാരിനോടുള്ള ഇന്ത്യയുടെ നിലപാട് സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഉൾപ്പടെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ തർക്കം അവർ തീർക്കും. ഇതായിരുന്നു ഈ മാസം പതിനഞ്ചിന് കാബൂൾ പിടിച്ച ശേഷം താലിബാൻ ജമ്മുകശ്മീർ വിഷയത്തിൽ താലിബാൻ നൽകിയ ആദ്യ പ്രതികരണം. എന്നാൽ ഇന്നലെ ബിബിസിയുടെ ഉറുദു സർവ്വീസിനോട് സംസാരിക്കവെയാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചത്.
ജമ്മുകശ്മീരിലെ മു്സിംങ്ങൾക്കായി സംസാരിക്കാൻ അവകാശമുണ്ട്. അവർക്ക് തുല്യ അവകാശങ്ങൾക്ക് അഹർതയുണ്ടെന്ന് വാദിക്കും. എന്നാൽ ഒരു രാജ്യത്തിനെതിരെയും സായുധനീക്കത്തിന് താലിബാൻ ഇല്ലെന്നും സൂഹൈൽ ഷഹീൻ വ്യക്തമാക്കി. കടുത്ത നിലപാടില്ലെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്ന മുൻ പ്രസ്താവനയിൽ നിന്നുള്ള മാറ്റം ഇന്ത്യ ഗൗരവത്തോടെ വീക്ഷിക്കുകയാണ്.
ഇന്ത്യയുടെ നിലപാട്
താലിബാൻ സർക്കാർ രൂപീകരത്തിനു ശേഷമുള്ള നിലപാട് വിശദമായ ചർച്ചയ്ക്കു ശേഷം ഇന്ത്യ കൈക്കൊള്ളും. രണ്ടു തവണ നേരത്തെ സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭ സമിതി ചേർന്നിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ വേണം എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ സ്ലൊവേനിയയിൽ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. ഇവരെ തിരികെ എത്തിക്കാൻ സഹായിക്കാമെന്ന് ഖത്തറും ഉറപ്പു നല്കിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താലിബാൻ്റെ കാര്യത്തിൽ ശ്രദ്ധയോടെ നീങ്ങാനാണ് രാഷ്ട്രീയ തീരുമാനം. കശ്മീരിൻ്റെ കാര്യത്തിൽ താലിബാൻ പ്രസ്താവനയ്ക്ക് അപ്പുറമുള്ള നീക്കമൊന്നും ഇപ്പോൾ നടത്തില്ലെന്നാണ് സർക്കാർ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam