സ്ത്രീകളെ ജോലിയിൽ നിന്ന് വിലക്കിയതില്‍ തിരിച്ചടിയേറ്റ് താലിബാൻ; ഒടുവില്‍ നയം മാറുന്നു

By Web TeamFirst Published Jan 26, 2023, 12:51 PM IST
Highlights

സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളെ അനുവദിക്കുന്നത് പരിഗണിക്കാമെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ താലിബാൻ സർക്കാരിലെ മുതിർന്ന മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയെന്ന് ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറി ഗ്രിഫിത്‌സ് പറഞ്ഞു.

കാബൂള്‍: സ്ത്രീകളെ ജോലിയിൽ നിന്നും വിലക്കിയതില്‍ പുനരാലോചനയുമായി താലിബാൻ. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ തുടരാൻ അവസരം ഒരുക്കുമെന്ന് താലിബാൻ വ്യക്തമാക്കി. ഇതിനായി പുതിയ നയം കൊണ്ടുവരുമെന്നും താലിബാൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ഈ വിഷയത്തില്‍ യുഎൻ താലിബാനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് നയമാറ്റം. അന്താരാഷ്ട്ര സമ്മര്‍ദ്ദം ഈ വിഷയത്തില്‍ ഉണ്ടായതും തീരുമാനം മാറ്റുന്നതില്‍ നിര്‍ണായകമായി.

സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളെ അനുവദിക്കുന്നത് പരിഗണിക്കാമെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ താലിബാൻ സർക്കാരിലെ മുതിർന്ന മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയെന്ന് ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറി ഗ്രിഫിത്‌സ് പറഞ്ഞു. സ്ത്രീകളെ വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് വിലക്കി കൊണ്ട് അടുത്തിടെയാണ് താലിബാൻ ഭരണകൂടം ഉത്തരവ് ഇറക്കിയത്. ഇതോടെ നിരവധി സന്നദ്ധ സംഘടനകൾക്ക് പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

അതിശൈത്യത്തിൽ 150 ഓളം പേർ മരിച്ചപ്പോഴാണ് സന്നദ്ധ സംഘനടകളുടെ അഭാവം രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ചത്. സ്ത്രീകളെ വിലക്കിയതോടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അഫ്ഗാനുള്ള സഹായവും നിർത്തിവച്ചു. ഇതേ തുടർന്നാണ് ഐക്യരാഷ്ട്ര സഭ വിഷയത്തിൽ ഇടപെടുന്നത്.

എന്നാൽ ഏത് തരത്തിലാണ് സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളുടെ സേവനം ഉപയോഗിക്കുക എന്ന് താലിബാൻ വ്യക്തമാക്കിയിട്ടില്ല. താലിബാന്റെ നയം മാറ്റത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. കൂടുതൽ മേഖലകളിൽ സ്ത്രീകളെ അനുവധിക്കുന്നതിനായി താലിബാന് മേൽ സമ്മർദ്ദം തുടരാനാണ് ഐക്യ രാഷ്ട്ര സഭയുടെ നീക്കം. അതേ സമയം പെൺകുട്ടികളുടെ വിദ്യഭ്യാസം നിഷേധിച്ച നടപടി തിരുത്താൻ താലിബാൻ ഇതുവരേയും തയ്യാറായിട്ടില്ല.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ട്രംപ് വരുന്നു, വിലക്ക് നീക്കി ഫേസ്ബുക്ക്
 

click me!