
ധാക്ക: മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. 17 വർഷം ലണ്ടനിൽ അഭയാർത്ഥിയായി കഴിഞ്ഞ ശേഷമാണ് മടങ്ങിവരവ്. ഇതിനെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. എന്നാൽ താരിഖ് റഹ്മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി നേതാവും അഭിഭാഷകനുമായ ഷഹരിയാർ കബീർ. ധാക്കയിലെത്തിയ താരിഖ് റഹ്മാൻ തൻ്റെ കാഴ്‌ചപ്പാട് വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഭീഷണി. താരിഖ് റഹ്മാൻ പിതാവിനെ ഒറ്റുകൊടുത്തെന്നും ഇന്ത്യയുടെ വ്യവസ്ഥകൾ അംഗീകരിക്കുന്നുവെന്നുമാണ് വാദം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവാണ് താരിഖ് റഹ്മാൻ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.എൻ.പിക്ക് ഇദ്ദേഹത്തിൻ്റെ സാന്നിധ്യം കരുത്താകും. എന്നാൽ ഇന്ത്യയോട് അനുകൂലമായ നിലപാടല്ല മുൻകാലങ്ങളിൽ ബിഎൻപിയും താരിഖ് റഹ്മാനും സ്വീകരിച്ചിട്ടുള്ളത്. അതിർത്തി തർക്കങ്ങൾ, ടീസ്ത നദീജല കരാർ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കടുത്ത നിലപാടുകൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബി.എൻ.പിയുടെ ബന്ധം ഇന്ത്യയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി ശക്തി വർധിപ്പിക്കുന്നത് മതഭീകരത വളരാൻ കാരണമാകുമെന്നാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. താരിഖ് റഹ്മാന്റെ തിരിച്ചുവരവ് ഇത്തരം തീവ്ര നിലപാടുള്ള സംഘടനകൾക്ക് കൂടുതൽ പ്രോത്സാഹനമാകുമോ എന്ന ഭയവും ഇന്ത്യക്കുണ്ട്.
ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ താരിഖ് റഹ്മാന്റെ കടന്നുവരവോടെ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ ബംഗ്ലാദേശിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam