
ടെൽ അവീവ്: നഈം ഖാസിം ഹിസ്ബുല്ലയുടെ പുതിയ മേധാവിയായതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചത്. 'കൗണ്ട്ഡൗൺ തുടങ്ങി' എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു.
ലെബനനിലെ ബെയ്‌റൂട്ടിൽ സെപ്തംബർ 27ന് ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്. 'താത്ക്കാലിക നിയമനം, അധിക നാളുണ്ടാവില്ല' എന്നാണ് ഖാസിമിന്‍റെ ഫോട്ടോയ്ക്കൊപ്പം ഇസ്രയേൽ പ്രതിരോധ മന്ത്രി കുറിച്ചത്. ഹീബ്രു ഭാഷയിലെ മറ്റൊരു പോസ്റ്റിൽ 'കൗണ്ട്ഡൗൺ ആരംഭിച്ചു' എന്നും കുറിച്ചു.
1953 ൽ ബെയ്റൂട്ടിൽ ഇസ്രയേൽ അതിർത്തിയിലുള്ള ക്ഫാർ ഫില ഗ്രാമത്തിലാണ് നഈം ഖാസിം ജനിച്ചത്. 1982ൽ ഹിസ്ബുല്ലയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. 1991 മുതൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. 1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നഈം ഖാസിം തന്‍റെ റോളിൽ തുടരുകയായിരുന്നു.
ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗർഭ ടണൽ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ നസ്റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തിൽ സഫിദ്ദീനും കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് - ഇസ്രയേൽ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് നിലവിലെ ഇസ്രയേൽ - ഹിസ്ബുല്ല സംഘർഷം തുടങ്ങിയത്. ഈ സെപ്തംബർ 23 മുതൽ, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയും കരസേനയെ അയയ്ക്കുകയും ഉന്നത നേതൃത്വത്തിലെ നിരവധി പേരെ കൊല്ലുകയും ചെയ്തു. സെപ്റ്റംബർ 23 മുതൽ ഇതുവരെ ലെബനനിൽ 1,700ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സെപ്തംബർ 30 ന് ലെബനനിൽ കരയുദ്ധം ആരംഭിച്ചതിന് ശേഷം 37 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam