
രാജഭരണത്തിനെതിരെ യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ തായ്‌ലാന്‍ഡില്‍ പ്രതിഷേധക്കാരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഭരണാധികാരികളും തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറുപത്തിയഞ്ചുകാരിക്ക് 43 വര്‍ഷത്തെ തടവാണ് കഴിഞ്ഞ ദിവസം കോടതി വിധിച്ചത്.
യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും രാജകുടുംബത്തിനെതിരായ പോസ്റ്റുകളും മറ്റ് വീഡിയോ ക്ലിപ്പുകളും പങ്കുവച്ചുവെന്ന കുറ്റത്തിനാണ് അന്‍ചാന്‍ പ്രീലേര്‍ട്ട് എന്ന സ്ത്രീയെ 43 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. ആദ്യം 87 വര്‍ഷത്തെ തടവാണേ്രത കോടതി വിധിച്ചത്. പിന്നീട് ഇവര്‍ കുറ്റസമ്മതം നടത്തിയതിനാല്‍ ശിക്ഷാകാലാവധി പകുതിയാക്കി കുറയ്ക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാപകമായ വിമര്‍ശനമാണ് ഈ കോടതിവിധിക്കെതിരെ ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഉയരുന്നത്. സ്ത്രീ ആണെന്നോ, പ്രായമായ വ്യക്തിയാണെന്നോ പോലുമുള്ള പരിഗണനയില്ലാതെ തികച്ചും മനുഷ്യത്വവിരുദ്ധമായാണ് നിയമം അന്‍ചാനെ കൈകാര്യം ചെയ്യുന്നതെന്നാണ് ഏറെയും ഉയര്‍ന്നുവരുന്ന അഭിപ്രായം.
രാജ്യത്തിനകത്ത് തന്നെ വലിയ അലയൊലികളാണ് കോടതിവിധി ഉണ്ടാക്കിയിരിക്കുന്നത്. 'ലീസ് മെജസ്റ്റി' എന്നറിയപ്പെടുന്ന കടുത്ത നിയമത്തിന് കീഴിലാണ് കോടതി വിധി. ഓരോ ലംഘനത്തിനും 15 വര്‍ഷം പിഴ എന്ന നിലയില്‍ ആജീവനാന്തകാലം മുഴുവന്‍ തടവില്‍ കിടന്നാല്‍ പോലും ശിക്ഷ തീരാത്തവണ്ണമുള്ള വിധിയായിരിക്കും ഈ നിയമത്തിന് കീഴില്‍ വരിക.
അന്‍ചാനെതിരെ 29 കേസുകളാണ് ഈ നിയമം അനുസരിച്ച് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 2014-15 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി 2015ല്‍ തന്നെ അന്‍ചാനെ ഭരണകൂടം പിടികൂടിയിരുന്നു. പിന്നീട് ജാമ്യം ലഭിക്കാന്‍ ഇവര്‍ക്ക് മൂന്ന് വര്‍ഷം തടവുകേന്ദ്രത്തില്‍ കഴിയേണ്ടിവന്നു.
2018 ആയപ്പോഴേക്ക് 'ലീസ് മെജസ്റ്റി' നിയമം മൂലമുള്ള നടപടികള്‍ അല്‍പം കുറച്ചുവന്നതായിരുന്നു. എന്നാല്‍ രാജഭരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ പ്രകടമായതോടെ, പതിനായിരക്കണക്കിന് പേര്‍ ഈ സമരത്തില്‍ അണിനിരന്നതോടെ പൊലീസ് വീണ്ടും 'ലീസ് മെജസ്റ്റി' നിയമം പ്രയോഗിക്കാന്‍ തുടങ്ങി.
അങ്ങനെ ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ മാത്രം 40 ആക്ടിവിസ്റ്റുകള്‍ ഭരണകൂടത്തിന്റെ പിടിയിലായിക്കഴിഞ്ഞിട്ടുണ്ട്. ഒരു കേസില്‍ പോലും വിചാരണ തുടങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരാള്‍ക്ക് നാലര വര്‍ഷത്തെ ശിക്ഷയും തിങ്കളാഴ്ച കോടതി വിധിച്ചു. ഇയാളും രാജകുടുംബത്തിനെതിരായി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചു എന്നത് തന്നെയാണ് കുറ്റം.
കടുത്ത നിയമം ഉപയോഗിച്ച് ഭരണപക്ഷത്തിനെതിരായി പ്രക്ഷോഭം നടത്തുന്നവരെ ഒതുക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നും അതിന് ഉദാഹരണമാണ് അന്‍ചാനിനെതിരായ വിധിയെന്നും തായ്‌ലാന്‍ഡില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകന്‍ ടിടിപോള്‍ പറയുന്നു. എന്നാല്‍ ഇത് വീണ്ടും പ്രക്ഷോഭം ആളിക്കത്തിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ വന്നിരിക്കുന്ന വിധിക്കെതിരെ ഉയര്‍ന്ന കോടതികളില്‍ അന്‍ചാന്‍ അപ്പീലിന് പോയിട്ടുണ്ടെന്നാണ് അവരുടെ അഭിഭാഷകന്‍ അറിയിക്കുന്നത്. 'ആംനെസ്റ്റി ഇന്റര്‍നാഷണല്‍' ഉള്‍പ്പെടെ പല അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
തായ്‌ലാന്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ദീര്‍ഘമായൊരു ശിക്ഷാകാലാവധിക്ക് വിധി വരുന്നത്. ഇതിന് മുമ്പ് രാജ്യത്ത് ഇത്രയുമധികം നീണ്ട തടവുശിക്ഷ വിധിക്കപ്പെട്ടത് 2017ലായിരുന്നു. അന്ന് 35 വര്‍ഷത്തെ തടവുശിക്ഷയാണ് ഒരാള്‍ക്ക് കോടതി വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ കാര്യമായി എവിടെയും പ്രതിപാദിക്കപ്പെട്ടിട്ടുമില്ല.
Also Read:- സുഖവാസത്തിലുള്ള തായ് രാജാവിനോട് റിമോട്ട് കൺട്രോൾ ഭരണം ഇനിയും അനുവദിക്കില്ലെന്ന് ജർമനി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam