തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

Published : Aug 07, 2026, 04:00 PM IST
Thailand school shooting

Synopsis

തായ്‌ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ 14 വയസ്സുകാരനായ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. സ്കൂളിലെത്തുന്നതിന് മുൻപ് പ്രതി മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്വയം വെടിയുതിർത്ത വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.

ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിൻ നോന്താബുരി സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണം ആറായി ഉയർന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. 14 വയസ്സുകാരനായ വിദ്യാർത്ഥിയാണ് ക്യാമ്പസിനുള്ളിൽ വെടിയുതിർത്തത്. ആക്രമണത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വെടിവെപ്പ് നടത്തുന്നതിന് തൊട്ടുമുമ്പ് കൗമാരക്കാരനായ പ്രതി തന്റെ വീട്ടിലെത്തി മുത്തശ്ശനേയും മുത്തശ്ശിയേയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് മുത്തശ്ശന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളുമായി സ്കൂളിലേക്ക് തിരിച്ചത്. സ്കൂളിലെത്തിയ ശേഷം വിദ്യാർത്ഥി ഏകദേശം 26 റൗണ്ട് വെടിയുതിർത്തു. ആക്രമണത്തിന് ശേഷം സ്വയം വെടിയുതിർത്ത പ്രതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഏകദേശം 3,000-ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. വെടിയൊച്ച കേട്ടതോടെ ഭയന്നോടിയ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെ ബെഞ്ചുകൾക്ക് അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പല കുട്ടികൾക്കും പരിക്കേറ്റത്. വിവരമറിഞ്ഞ് വൻ പോലീസ് സംഘവും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ അനുശോചനം രേഖപ്പെടുത്തി. കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ദാരുണമായ അനുഭവമാണ് ഉണ്ടായതെന്നും അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോക്ക് കൈവശം വെക്കുന്നതിൽ മുൻപന്തിയിലുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അധ്യാപകരെ അടക്കം ഏഴുപേരെ കൊന്ന് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം തായ്‌ലൻഡിൽ
ആദ്യം മുത്തച്ഛനെയും മുത്തശ്ശിയെയും കൊന്നു, പിന്നാലെ സ്കൂളിലെത്തി വിദ്യാ‍ർത്ഥികളെയും അധ്യാപകരെയും വെടിവെച്ചു കൊന്ന് വിദ്യാ‍ർത്ഥി; തായ്‍ലൻഡിൽ കൂട്ടക്കുരുതി