സ്ഥിതി അതിരൂക്ഷം;കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ;യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്

Web Desk   | Asianet News
Published : Feb 28, 2022, 05:47 AM IST
സ്ഥിതി അതിരൂക്ഷം;കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ;യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്

Synopsis

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു

യുക്രൈൻ: യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

ആൾബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നിൽ ഒന്നുമല്ല യുക്രൈൻ. എന്നിട്ടും അവർ ചെറുത്തുനിൽക്കുകയാണ്. പൊതുജനം ആയുധം കയ്യിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോൾ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയിൽ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. ഉണ്ടാക്കാനെളുപ്പമാണ് എങ്ങനെയുണ്ടാക്കണമെന്ന് നാട്ടുകാരെ മുഴുവൻ പഠിപ്പിക്കുകയാണ് യുക്രൈനിപ്പോൾ. പ്രയോഗം സിമ്പിളാണ്. ശത്രുവിനെ കാണുമ്പോൾ തിരി കത്തിക്കുക എറിയുക. കുപ്പിച്ചില്ല് പൊട്ടുമ്പോൾ ‌അകത്തെ ദ്രാവകത്തിന് തീ പിടിക്കും, വീഴുന്നിടം കത്തും. മാരകായുധം തന്നെയാണ് മൊളട്ടോവ് കോക്ക്ടൈൽ.

റഷ്യ യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യു എൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ച ചെയ്യും. യുക്രൈൻ ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചർച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക. റഷ്യ യുക്രൈൻ വിഷയം യു എൻ പൊതുസഭയിൽ ചർച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാൻ സുരക്ഷാ സമിതി ഇന്നലെ യോഗം ചേർന്നിരുന്നു. ഇന്ത്യയും ചൈനയും യു എ ഇയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. റഷ്യ എതിർത്ത് വോട്ട് ചെയ്തു. 

ആണവ പ്രതിരോധ സേനയോട് സജ്ജമാകാനുള്ള പുടിന്‍റെ നിർദ്ദേശത്തെ അപലപിച്ച് അമേരിക്കയും ഇംഗ്ലണ്ടും ഇന്നലെ രം​ഗത്തെത്തിയിരുന്നു. യുക്രൈനിലെ സാഹചര്യം കൂടുതൽ വഷളാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. പുടിന്‍റെ നീക്കം ശരിയായ രീതിയിൽ അല്ലെന്ന് ഇംഗ്ലണ്ടും പ്രതികരിച്ചു. നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആണവ പ്രതിരോധ സേനയോട് സജ്ജമാകാന്‍ പുടിൻ ഇന്നലെ ഉത്തരവിട്ടത്. 

റഷ്യക്ക് മേൽ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രം​ഗത്തെത്തി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിലക്ക് ഏ‌പ്പെടുത്തി. റഷ്യൻ മാധ്യമങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ സെൻട്രൽ ബാങ്കുമായുള്ള ഇടപാടുകളും വിലക്കി. റഷ്യയോട് സഹകരിക്കുന്ന ബലാറൂസിനെതിരെയും ഉപരോധം പ്രഖ്യാപിച്ചു. യുക്രൈന് ആയുധങ്ങൾ കൈമാറാനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചു.

യുക്രൈൻ അധിനിവേശത്തിനെതിരെ ഇന്നും റഷ്യയിൽ പ്രതിഷേധം ഉയരുകയാണ്. സെന്‍റ് പീറ്റേഴ്സ് ബർഗിൽ 200ൽ അധികം പേരാണ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുചേർന്നത്. സുരക്ഷാ സേന ഇവരെ കസ്റ്റഡിയിൽ എടുത്തു.

അതിനിടെ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ രക്ഷാപ്രവർത്തനം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. മൂന്ന് ദിവസത്തിനകം ഏഴ് വിമാനങ്ങൾ കൂടി മിഷന്‍റെ ഭാഗമാകും. ഇന്ന് ഹംഗറിയിലേക്കും റൊമേനിയിലേക്കും ഒരോ വിമാനങ്ങൾ തിരിക്കും. ഇൻഡിഗോ വിമാനങ്ങളും മിഷന്‍റെ ഭാഗമാകും. കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള നടപടികൾക്കാണ് വിദേശകാര്യ മന്ത്രാലയം ഊന്നൽ നൽകുന്നത്. റഷ്യ, ഉക്രൈയൻ അംബാസിഡർമാരുമായി വിദേശകാര്യ സെക്രട്ടറി സംസാരിച്ചു. ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന മേഖലകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറി. അതെസമയം സൈനിക നടപടികൾ അവസാനിക്കാതെ അതിർത്തി തുറക്കില്ലെന്നാണ് റഷ്യൻ നിലപാട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി

റഷ്യയുടെ യുക്രൈൻ അധിവേശത്തിനിടെ,ലോകത്തെ ഏറ്റവും വലിയ ചരക്കു വിമാനവും കത്തി നശിച്ചു.ഹോസ്റ്റോമൽ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കെ ആയിരുന്നു റഷ്യയുടെ ആക്രമണം.

ആന്റനോവ് എഎൻ 225 മരിയ.32 ടയറുകൾ. ആറ് എഞ്ചിനുകൾ.ഭീമൻ ചിറകുകൾ. യുക്രൈന്റെ അഭിമാനമായ, ഏറ്റവും കൂടുതൽ ഭാരമുള്ള ,ഏറ്റവും വലിയ ചരക്കു വിമാനവും റഷ്യൻ അധിവേശത്തിൽ ചരിത്രമായി.കീവിലെ ഹോസ്റ്റോമല്‍ വിമാനത്താവളത്തിൽ റഷ്യൻ കോപ്റ്ററുകളുടെ ആക്രമണത്തിലാണ് ഭീമൻ വിമാനം, കത്തിയമർന്നത്.യുക്രൈനിലെ ആന്റനോവ് എയർലെൻസാണ് ഉടമകൾ.

 

1988ലാണ് ആന്റനോവ് ആദ്യമായി പറന്നത്.അടിയന്തര ഘട്ടങ്ങളിൽ സഹായച്ചിറകുവിരിച്ച്,പലനാടുകളിൽ പറന്നെത്തി.കൊവിഡ് കാലത്ത് ചൈനയുടെ സഹായവുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുതിച്ചു.മ്രിയ എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഈ വിമാനത്തിന്. അർത്ഥം സ്വപ്നം.
ചിറകറ്റുപോയ മ്രിയക്ക് ഇനിയെന്ത് സ്വപ്നം.

PREV
Read more Articles on
click me!

Recommended Stories

10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ