
റോം: ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് ആദ്യമല്ല. വിദേശികളെയടക്കം സ്ഥിരതാമസത്തിന് ഭരണകൂടങ്ങൾ ക്ഷണിക്കാറുണ്ട്. എന്നാൽ മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറാണ് ഇറ്റലിയിലെ മൊലിസെ നഗരം മുന്നോട്ട് വച്ചിരിക്കുന്നത്.
ഇവിടെ സ്ഥിരതാമസത്തിന് തയ്യാറാകുന്നവർക്ക് 27000 ഡോളർ ആണ് ആദ്യം നൽകുക. 19 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. അവിടെ തീരുന്നില്ല ധനസഹായം. പിന്നീടങ്ങോട്ട് പ്രതിമാസം 700 യൂറോ (55000 രൂപ) മൂന്ന് വർഷം വരെ നൽകും. വരുന്നവർ നാട്ടിൽ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം എന്ന നിബന്ധന മാത്രമേയുള്ളൂ. ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും പ്രാദേശിക ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന് നിൽക്കുന്ന ഒലീവ് മരങ്ങളും പച്ചപ്പും കൊണ്ട് ആരുടെയും മനം നിറയ്ക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിരവധി ചെറുപട്ടണങ്ങളുണ്ട്. ഇത്തരത്തിലുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും ജനസംഖ്യ കുറവാണ്. ഫോർണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. സെപ്‌തംബർ 16 മുതൽ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്പതിമാരാണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും.
സ്ഥിരതാമസത്തിന് വരുന്നവർക്ക് പ്രദേശത്ത് എന്ത് ബിസിനസ് വേണമെങ്കിലും തുടങ്ങാം. ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ് വാഗ്‌ദാനം.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നിരവധി പേരാണ് ഈ നഗരം വിട്ടുപോയത്. മൊലിസെയിലെ 136 ചെറുപട്ടണങ്ങളിൽ 106 ലും രണ്ടായിരത്തിൽ താഴെയാണ് താമസക്കാരുള്ളത്. യുവാക്കൾ മഹാനഗരങ്ങൾ തേടിപ്പോകുന്നതും വിദേശത്തേക്ക് പോകുന്നതും മൂലം ഇവിടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്.
കടപ്പാട്: സിഎൻഎൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam