
പര്‍വ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിദേശികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പര്‍വ്വതാരോഹകര്‍ കുടുങ്ങി. ഇവരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പിന്നീട് അധികൃതര്‍ അറിയിച്ചു. പര്‍വതഗര്‍ത്തത്തില്‍ നിന്ന് അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ ഇപ്പോഴും പുറന്തള്ളുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്തോനേഷ്യയിലെ ഡുകോണോ പര്‍വതമാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. നോര്‍ത്ത് മലുക്കു ദ്വീപിലാണ് ഈ അഗ്‌നിപര്‍വ്വതം. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇരുന്നൂറിലധികം തവണയാണ് ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഇവിടെ പര്‍വതാരോഹണം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.
വിലക്ക് വകവെയ്ക്കാതെ മല കയറിയ സിംഗപ്പൂര്‍, ഇന്തോനേഷ്യന്‍ പൗരന്മാര്‍ അടങ്ങുന്ന 20 പര്‍വതാരോഹകരാണ് പെട്ടെന്നുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കുടുങ്ങിയത്. ഇവരില്‍പ്പെട്ട രണ്ട് സിംഗപ്പൂര്‍ സ്വദേശികളും ഒരു ഇന്തോനേഷ്യന്‍ പൗരനുമാണ് മരിച്ചതെന്ന് ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 07:41-ന് നിരവധി ആളുകള്‍ പേര്‍ പര്‍വതാരോഹണം നടത്തുന്നതിനിടയിലാണ് അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായത്. ചാരവും പുകയും ആകാശത്തേക്ക് 10 കിലോമീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചു. ചാരവും കല്ലുകളും തുടര്‍ച്ചയായി പുറത്തേക്ക് തെറിച്ചുവീണു.
ഇന്തോനേഷ്യന്‍ഗൈഡായ അലക്‌സ് ജാങ്കു ഗര്‍ത്തത്തിന് സമീപം ചിത്രീകരിച്ച ദൃശ്യങ്ങളില്‍, പര്‍വ്വതത്തിന് മുകളില്‍ ഉയര്‍ന്നുപൊങ്ങുന്ന പുകയും ചാരവും കാണാം. രണ്ട് ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ക്ക് വഴി കാട്ടുകയായിരുന്നു ജാങ്കു. സ്‌ഫോടനത്തിന് മുന്‍പ് ഭൂമിക്കടിയില്‍ നിന്ന് ശക്തമായ വിറയല്‍ അനുഭവപ്പെട്ടതായി അദ്ദേഹം സിഎന്‍എന്‍ ചാനലിനോട് പറഞ്ഞു.
മുകളിലേക്ക് കയറുന്നതിനിടയില്‍, ഗര്‍ത്തത്തിന്റെ അരികില്‍ ഒരു സംഘം ആളുകളെയും, ഗര്‍ത്തത്തില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ മാറി ഡ്രോണ്‍ വീഡിയോ ചിത്രീകരിക്കുന്ന മറ്റൊരു സംഘത്തെയും കണ്ടതായി
ആ സമയത്ത് പര്‍വതത്തിലുണ്ടായിരുന്ന മറ്റൊരു ഗൈഡ് ബിബിസിയോട് പറഞ്ഞു. തങ്ങള്‍ താഴേക്ക് ഇറങ്ങുമ്പോഴും പല പര്‍വതാരോഹകരും മലമുകളില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡുകോണോയില്‍ പര്‍വതാരോഹണം നടത്തുന്നതിന് എതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച് പര്‍വ്വതാരോഹകര്‍ ഇവിടെ എത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്നറിയിപ്പ് ലംഘിക്കുന്നവരെ തടയാന്‍ അധികൃതര്‍ കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്.
ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും പതിവായി സംഭവിക്കുന്ന പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള 'റിംഗ് ഓഫ് ഫയര്‍' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളില്‍ ഒന്നാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam