ക്യാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വാര്‍ഡിലേക്ക്; കൊറോണയെ പരാജയപ്പെടുത്തി നാലുവയസുകാരന്‍

By Web TeamFirst Published Apr 11, 2020, 9:29 AM IST
Highlights

പ്രതിരോധശേഷി എങ്ങനെയുണ്ടെന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആര്‍ച്ചീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈകാതെ തന്നെ ആര്‍ച്ചീ കൊവിഡ് 19 രോഗലക്ഷണങ്ങളും കാണിച്ച് തുടങ്ങി. ഇതോടെ സഹോദരനും മാതാപിതാക്കളും ഐസൊലേഷനില്‍ കഴിയുകയായിരുന്നു. 

കീമോതെറാപ്പിക്കിടെയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിച്ച് നാലുവയസുകാരന്‍. ലണ്ടനിലെ എസക്സിലാണ് സംഭവം. ആര്‍ച്ചീ വില്‍ക്സ് എന്ന നാലുവയസുകാരനാണ് രോഗക്കിടക്കയിലും കൊറോണയെ തോല്‍പ്പിച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന കാന്‍സര്‍ ബാധിതനാണ് ആര്‍ച്ചീ. 2019 ജനുവരി മുതല്‍ കീമോ തെറാപ്പിക്ക് വിധേയനാകുന്നയാളാണ് ആര്‍ച്ചീ. 

പ്രതിരോധശേഷി എങ്ങനെയുണ്ടെന്ന് അടുത്തിടെ നടത്തിയ പരിശോധനയിലാണ് ആര്‍ച്ചീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈകാതെ തന്നെ ആര്‍ച്ചീ കൊവിഡ് 19 രോഗലക്ഷണങ്ങളും കാണിച്ച് തുടങ്ങി. ഇതോടെ സഹോദരനും മാതാപിതാക്കളും ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ലണ്ടനിലെ കാന്‍സര്‍ ബാധയുള്ള കുട്ടികളിലെ ആദ്യ കൊവിഡ് ബാധയായിരുന്നു ആര്‍ച്ചീയുടേത്. രോഗലക്ഷണങ്ങള്‍ കൂടിയതോടെ ആര്‍ച്ചീയെ കാംബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇതോടെ ആര്‍ച്ചീയെ കാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആറുദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ആര്‍ച്ചീയുടെ സ്രവ പരിശോധന നെഗറ്റീവ് ആയത് മാതാപിതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതായി. കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലമുള്ള ആശുപത്രിവാസം അവസാനിച്ച് ആര്‍ച്ചീയും പിതാവും വീട്ടില്‍ തിരിച്ചെത്തി. പതിനാല് ദിവസം ഐസൊലേഷനില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

click me!