രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'

Published : Dec 20, 2025, 05:30 PM IST
 Pakistans former PM imran khan bushra bibi toshakhana corruption case sentence

Synopsis

അദിയാല ജയിലിൽ ഇമ്രാൻ ഖാൻ ദുരിതപൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തെ സൈക്കോളജിക്കലി ടോർച്ചർ ചെയ്യുകയാണെന്നും ആരോപിച്ച് മക്കൾ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാന്റെ തടവറയെ ഡെത്ത് സെൽ എന്നാണ് അവർ വിശേഷിപ്പിച്ചത്.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 17 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പാക് കോടതി. തോഷാഖാന കേസിലാണ് വിധി. ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും എതിരെയാണ് വിധിയെത്തിയിരിക്കുന്നത്. നിലവിൽ റാവൽപിണ്ടിയിലെ അദിയാല അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.

എന്താണ് തോഷഖാന കേസ്?

പേർഷ്യൻ ഭാഷയിൽ നിധി സൂക്ഷിക്കുന്ന ഇടം എന്നാണ് തോഷഖാന എന്ന വാക്കിന്റെ അർത്ഥം. പാകിസ്താനിലെ ക്യാബിനറ്റ് ഡിവിഷന് കീഴിലുള്ള ഒരു വകുപ്പാണിത്. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിദേശ രാജ്യങ്ങളിൽ നിന്നോ മറ്റ് ഭരണാധികാരികളിൽ നിന്നോ ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമാണിത്.

2021ൽ പ്രധാനമന്ത്രിയായിരിക്കെ സൗ​ദി അറേബ്യൻ സർക്കാരിൽനിന്ന് ഇമ്രാൻ ഖാനും ബുഷ്റ ബീവിക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചിരുന്നു. വിലപിടിപ്പുള്ള വാച്ചുകൾ, ആഭരണങ്ങൾ എന്നിവ അടങ്ങുന്ന ബൾ​ഗാരി ഡയമണ്ട് ജ്വല്ലറി സെറ്റായിരുന്നു ഈ സമ്മാനം. ഇവയുടെ മൂല്യം കുറച്ചുകാണിച്ച് സ്വന്തമാക്കി എന്നതാണ് ദമ്പതികൾക്കെതിരായ എതിരായ പ്രധാന ആരോപണം. 80 മില്യൺ പാകിസ്താനി വിലവരുന്ന ആഭരണങ്ങൾക്ക് 2.9 മില്യൺ മാത്രമാണ് നൽകിയത് എന്നാണ് പ്രോസിക്യൂഷൻ വാദം.

വിദേശത്ത് നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ തോഷഖാനയിൽ ഏൽപ്പിക്കേണ്ടതുണ്ട്. ആ സമ്മാനം സ്വന്തമാക്കാൻ താല്പര്യമുണ്ടെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് ചട്ടം. ഇമ്രാൻ ഖാൻ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ മൂല്യം കുറച്ചുകാണിക്കുകയും കുറഞ്ഞ തുക സർക്കാരിലേക്ക് അടച്ച് അവ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഇവ മറിച്ചുവിറ്റ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കി എന്നാണ് കേസ്.

പാകിസ്ഥാൻ രാഷ്ട്രീയവും ഇമ്രാൻ ഖാന് എതിരായ കേസുകളും

ഈ അഴിമതി പുറത്തുവന്നതിന് പിന്നാലെ ഇമ്രാൻ ഖാനെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. 2024 ജനുവരിയിൽ ഈ കേസിൽ ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം വീതം തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. പിന്നീട് മേൽ കോടതി ഈ ശിക്ഷ സ്റ്റേ ചെയ്തു. ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ജീവിതത്തിൽ വമ്പൻ തിരിച്ചടിയായിരുന്നു തോഷാഖാന കേസ്. അദ്ദേഹത്തിന്റെ പാർട്ടിയായ പി.ടി.ഐ കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.

അഴിമതി ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമാണെന്നായിരുന്നു ഇമ്രാൻ ഖാന്റെ പക്ഷം. സൈന്യവും നിലവിലെ സർക്കാരും ചേർന്ന് തന്നെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നു എന്ന അദ്ദേഹത്തിന്റെ വാദമായിരുന്നു അദ്ദേഹം ഉയർത്തിയിരുന്നത്. അങ്ങേയറ്റം സങ്കീർണ്ണവും അസ്ഥിരവുമാണ് പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. ഇമ്രാൻ ഖാന്റെ ജയിൽവാസവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പാകിസ്താനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചു.

2024 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിൽ സഖ്യസർക്കാരാണ് അധികാരത്തിലുള്ളത്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ്, പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവർ ചേർന്നുള്ള സഖ്യമാണിത്. ഈ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാണ് ഇമ്രാൻ ഖാനും പിടിഐയും ആരോപിക്കുന്നത്. ഖാന്റെ പാർട്ടി ചിഹ്നമായ 'ബാറ്റ്' തടഞ്ഞതിനെത്തുടർന്ന് സ്വതന്ത്രരായി മത്സരിച്ച ഖാൻ അനുകൂലികളാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്, എന്നാൽ അവർക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല.

തോഷഖാന കേസ് കൂടാതെ നൂറിലധികം കേസുകൾ ഇമ്രാൻ ഖാന് എതിരെയുണ്ട്. പല കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് ജയിലിൽ തുടരുന്നത്. ചില കേസുകളിൽ കോടതി അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തു. ഒരു കേസിൽ ജാമ്യം ലഭിക്കുമ്പോൾ ഉടൻ തന്നെ മറ്റൊരു കേസിൽ വിധിയുണ്ടാകും എന്ന അവസ്ഥയാണ് നിലവിൽ. ഏറ്റവും ഒടുവിലായാണ് തോഷാഖാന കേസിലെ വിധി എത്തിയിരിക്കുന്നത്. ഈ അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് നിലവിത്തെ വിധി.

അദിയാല ജയിലിൽ ഇമ്രാൻ ഖാൻ ദുരിതപൂർണമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തെ സൈക്കോളജിക്കലി ടോർച്ചർ ചെയ്യുകയാണെന്നും ആരോപിച്ച് മക്കൾ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാന്റെ തടവറയെ ഡെത്ത് സെൽ എന്നാണ് അവർ വിശേഷിപ്പിച്ചത്.

ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.ഐ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലെല്ലാം ഇന്റർനെറ്റ് നിരോധനവും സോഷ്യൽമീഡിയ നിയന്ത്രണങ്ങളുമാണ് സർക്കാർ ഏർപ്പെടുത്തുന്നത്.

പാകിസ്താനിലെ ഏറ്റവും കരുത്തരായ സൈന്യവും ഇമ്രാൻ ഖാനും തമ്മിലുള്ള തർക്കങ്ങളോടെയാണ് പാകിസ്താൻ രാഷ്ട്രീയം കീഴ്മേൽ മറിയാൻ തുടങ്ങിയത്. ഒരുകാലത്ത് സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്ന ഖാൻ, പിന്നീട് സൈനിക നേതൃത്വവുമായി ഇടയുകയായിരുന്നു. തന്റെ പുറത്താക്കലിന് പിന്നിൽ സൈന്യത്തിന്റെ അട്ടിമറിയാണ് എന്നാണ് ഇമ്രാൻ ഖാൻ അടിയുറച്ച് വിശ്വസിക്കുന്നത്.

ഈ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ അതിദയനീയമാണ് പാകിസ്താന്റെ സാമ്പത്തിക അവസ്ഥ. കടുത്ത വിലക്കയറ്റത്തിൽ വലയുകയാണ് ജനം. ഐ.എം.എഫിൽ നിന്നും കടം വാങ്ങിയാണ് രാജ്യം നിലവിൽ മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ അസ്ഥിരത കാരണം വിദേശ നിക്ഷേപകർ പാകിസ്താനിലേക്ക് വരുന്നതിൽനിന്ന് പിന്തിരിയുന്നുമുണ്ട്.

ചുരുക്കത്തിൽ, ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് വരെ പാകിസ്താനിലെ രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാ​ഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എന്നാൽ കേസുകളിൽനിന്നെല്ലാം മോചിതനായുള്ള തിരിച്ചുവരവ് സമീപകാലത്ത് പ്രതീക്ഷിക്കാനാവുന്നതല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ
ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു