കാബൂളിൽ നിന്ന് വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേർക്ക് ദാരുണാന്ത്യം

By Web TeamFirst Published Aug 16, 2021, 5:31 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തിയിരുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ പാലായനം ചെയ്യാനുള്ള ശ്രമവുമായി ആയിരങ്ങൾ കാബൂൾ എയർപ്പോർട്ടിൽ എത്തിയിരുന്നു. വിമാനത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ ദാരുണമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേർ  ദാരുണമായി മരണപ്പെട്ടു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്​ മരിച്ചത്.

കാബൂളിൽ നിന്ന് വിമാനം പറന്നുയർന്നയുടൻ മൂന്നുപേർ വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെഹ്റാന ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടിട്ടുണ്ട്.  വിമാനത്തിന്റെ ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചായിരുന്നു ഇവർ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം വിഫലമായി. 

DISCLAIMER: DISTURBING FOOTAGE❗️❗️❗️
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down. pic.twitter.com/Gr3qwGLrFn

— Tehran Times (@TehranTimes79)

അതേസമയം കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. 

താലിബാൻപിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതായാണ് സൂചന. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. 

രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. 

പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

click me!