
ന്യൂയോർക്ക്: വർഷങ്ങളോളം രഹസ്യമായി സൂക്ഷിച്ച ഒരു നിധി, ഉടമയുടെ മരണശേഷം ചുമരിനുള്ളിൽ നിന്ന് കണ്ടെത്തി. 1,000 സ്വർണ്ണ നാണയങ്ങളാണ് ഒരു വീടിന്റെ ചുമരുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. താന്റെ നിധി രഹസ്യം ആരോടും പറയാതെ മരണം വരെ സൂക്ഷിച്ച മനുഷ്യന്റെ കഥയാണ് ഇപ്പോൾ കൗതുകമാകുന്നത്. ഫ്രാൻസിലെ കാസ്റ്റിലോൺസിൽ 89 വയസ്സിൽ അന്തരിച്ച പോൾ നർസാണ് സ്വര്‍ണം ചുവരിനുള്ളിൽ സൂക്ഷിച്ചത്. 2024ലാണ് പോൾ നര്‍സ് അന്തരിച്ചത്. അവകാശികളില്ലാതെ കിടന്ന അദ്ദേഹത്തിന്റെ വീട് പരിശോധിക്കാൻ കോടതി നിര്‍ദേശ പ്രകാരം എത്തിയ ഉദ്യോഗസ്ഥരാണ് അപൂര്‍വ്വ നിധി കണ്ടെത്തിയത്.
ലാളിതമായ ജീവിതം നയിച്ചിരുന്ന നർസ്, ആരും അറിയാതെ സ്വർണ്ണനാണയങ്ങളുടെ വലിയ ശേഖരം രഹസ്യമായി സമ്പാദിക്കുകയായിരുന്നു. ഈ ശേഖരം, തന്റെ വീടിന്റ ഒരു ചുമരിനുള്ളിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്പരപ്പിക്കുന്ന സംഭവത്തിന് പിന്നാലെ സ്വര്‍ണനാണയം ലേലം ചെയ്തതിൽ നിന്ന് ഏകദേശം 4 ദശലക്ഷം ഡോളർ (ഏകദേശം 33 കോടിയിലധികം ഇന്ത്യൻ രൂപ) ലഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
സൂക്ഷിച്ച ഓരോ നാണയവും സൂക്ഷ്മമായി ലേബൽ ചെയ്തായിരുന്നു ശേഖരിച്ചിരുന്നത്. ചില നാണയങ്ങൾ പുരാതന മാസിഡോണിയൻ കാലഘട്ടത്തിലെ (ബിസി 336-323) ആയിരുന്നുവെങ്കിൽ, മറ്റ് ചിലത് ലൂയി പതിനാലാമൻ മുതൽ ലൂയി പതിനാറാമൻ വരെയുള്ള രാജവാഴ്ച കാലഘട്ടത്തിലേതായിരുന്നു.
നേരിട്ടുള്ള അവകാശികൾ ഇല്ലാത്തതിനാൽ, ഈ ലേലത്തിൽ നിന്നുള്ള വരുമാനം അകന്ന ബന്ധുക്കൾക്ക് ലഭിക്കുമെന്നാണ് വിവരം. അതേസമയം, വീട്ടിൽ നിന്ന് കണ്ടെത്തിയ 115,650 ഡോളർ (ഏകദേശം 96 ലക്ഷം രൂപ) വിലമതിക്കുന്ന മറ്റൊരു കൂട്ടം നാണയങ്ങൾ കൂടി പ്രത്യേകമായി ലേലം ചെയ്യും. തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പത്ത്, രഹസ്യമായി സൂക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ആ മനുഷ്യന്റെ കഥ, വലിയൊരു അമ്പരപ്പാണ് ലോകത്തിന് നൽകുന്നത്.