
വാഷിംഗ്ടൺ: 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന പരസ്യവാചകവുമായി രണ്ടാം തവണയും അധികാരത്തിലേറിയ ഡോണൾഡ് ട്രംപിന്‍റെ ഏഴ് മാസത്തെ ഭരണത്തിൽ നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്ക് പുറത്ത്. യു എസ് പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെയുള്ള ട്രംപിന്‍റെ സുപ്രധാന തീരുമാനമായിരുന്നു കുടിയേറ്റക്കാരെ നാടുകടത്തും എന്നത്. വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നെങ്കിലും ട്രംപ് ഭരണകൂടം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ട്രംപിന്‍റെ നാടുകടത്തൽ നയം കാരണം ഇന്ത്യക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്. യു എസ് പൗരത്വമില്ലാത്ത 1703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം 7 മാസത്തിനകം നാടുകടത്തിയത്.
അതായത് ഒരു ദിവസം ശരാശരി എട്ട് ഇന്ത്യാക്കാരെ നാടുകടത്തുന്നുവെന്ന് സാരം. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 1703 ഇന്ത്യക്കാരിൽ 1562 പുരുഷന്മാരും 141 സ്ത്രീകളുമുണ്ട്. കേരളത്തിൽ നിന്നുള്ള 8 പേരും അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടെന്നാണ് കണക്ക്. പഞ്ചാബിൽ നിന്നുള്ളവരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയതിൽ മുന്നിലുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 22 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വ്യാപാര കരാറിനെ ചൊല്ലിയുള്ള തർക്കത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ എന്നതാണ്. വിഷയം സംയമനത്തോടെ കൈകാര്യം ചെയ്യാനാണ് ധാരണയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തീരുവ ഇളവ് നൽകാവുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇന്ത്യയിലേയും റഷ്യയിലും ഉള്ളത് നിലച്ച സമ്പദ് വ്യവസ്ഥ, ലോകത്തെ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ തുടങ്ങി പരസ്യവിമർശനം ഡോണൾഡ് ട്രംപ് തുടരുമ്പോഴും സമവായത്തിനുള്ള വഴികളാണ് കേന്ദ്ര സർക്കാർ തേടുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.
രാജ്യതാത്പര്യത്തിന് മുൻഗണന എന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത് ഡോണൾഡ് ട്രംപിനുള്ള പരോക്ഷ മറുപടിയായിരുന്നു. എന്നാൽ വ്യാപാര കരാറിലെ ആശങ്ക പരിഹരിക്കണം എന്ന് ചന്ദ്രബാബു നായിഡു അടക്കമുള്ളവർ ആവശ്യപ്പെട്ടത് സർക്കാരിനു മേലുള്ള സമ്മർദ്ദം ശക്തമാക്കുകയാണ്. ട്രംപുമായി ഏറ്റമുട്ടലിന് പോകേണ്ടതില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്. ഡോണൾഡ് ട്രംപ് പരസ്യപ്രസ്താവനകൾ നടത്തുമ്പോഴും കരാറിനായുള്ള ചർച്ചകൾക്ക് അമേരിക്കൻ ഉദ്യോഗസ്ഥർ ഈ മാസം അവസാനം ഇന്ത്യയിൽ എത്തുമെന്ന തീരുമാനത്തിൽ മാറ്റമില്ല. നിലവിൽ ഏതാണ്ട് 60 ശതമാനം ഉൽപന്നങ്ങൾ വ്യാപാര കരാറിന് കീഴിൽ കൊണ്ടു വരാൻ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയ്ക്ക് ഇളവ് നല്കാൻ കഴിയുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക ഓരോ മന്ത്രാലയവും തയ്യാറാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട. കാർഷിക ഉത്പന്നങ്ങളുടെ തീരുവയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചൈനയെക്കാൾ പത്ത് ശതമാനം എങ്കിലും കുറഞ്ഞ ശരാശരി തീരുവ ആയിരിക്കണം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് എന്ന നിർദ്ദേശവും മുന്നോട്ട് വച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കും എന്ന റിപ്പോർട്ടുകൾ സർക്കാർ തള്ളിയിരുന്നു. എന്നാൽ യു എസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കൂട്ടി ഈ തർക്കം പരിഹരിക്കാനാവും ഇന്ത്യയുടെ ശ്രമം.