
വാഷിംങ്ടണ്‍: അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം മുതലാക്കാന്‍ നടത്തുന്ന 'പ്രസവകാല ടൂറിസം' അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വീസ നയമാണ് ഇത്തരം സാധ്യതകളെ ഇല്ലാതാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമം അനുസരിച്ച് പ്രസവത്തിനാണ് അമേരിക്കയിലേക്ക് വരാന്‍ ഒരാള്‍ ഉദ്ദേശിക്കുന്നതെന്ന് അമേരിക്കന്‍ കൗണ്‍സിലേറ്റിന് തോന്നിയാല്‍ അപേക്ഷകര്‍ക്ക് സന്ദര്‍ശക വീസ നിഷേധിക്കാം എന്നാണ് പറയുന്നത്.
മെഡിക്കല്‍ ആവശ്യമുള്ളവരെ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് വരുന്നവരെപ്പോലെ പരിഗണിക്കും. എന്നാല്‍ അമേരിക്കയിലെ ജീവിത ചിലവിനും ചികില്‍സയ്ക്കും പണമുണ്ടെന്ന് ഇവര്‍ തെളിയിക്കണം. വീസ തട്ടിപ്പിനായി പ്രസവ ടൂറിസം വര്‍ദ്ധിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ നിര്‍ണ്ണായക തീരുമാനം. നേരത്തെ പ്രസവ ടൂറിസത്തിന്‍റെ ഏജന്‍റുമാരായ പലരെയും അറസ്റ്റ് ചെയ്ത് ഇതില്‍ നിരവധികേസുകള്‍ നിലവിലുണ്ട്. ഈ കാരണത്താലുമാണ് നിയമം പരിഷ്കരിച്ചത്.
ഉടന്‍ തന്നെ ഈ നിയമം നിലവില്‍ വരും. അമേരിക്കയില്‍ സന്ദര്‍ശനത്തിനു വന്ന അമ്മ പ്രസവിച്ചതുകൊണ്ടു മാത്രം ഒരു കുട്ടിക്ക് അമേരിക്കന്‍ പൗരത്വം നേടാനുള്ള യോഗ്യതയുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിലപാട്.
എന്നാല്‍ പുതിയ നിയമം നടപ്പിലാക്കുന്നതില്‍ ചില നൂലമാലകള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്കുള്ള ടൂറിസ്റ്റ് വീസകള്‍ നിയന്ത്രിക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം. ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് ഉദ്യോഗസ്ഥര്‍ എങ്ങനെ തീരുമാനിക്കും-എന്നതാണ് മറ്റൊരു ചോദ്യം. ഗര്‍ഭിണിയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ പിന്തിരിപ്പിക്കാന്‍ സാധിക്കുമോ എന്നത് മറ്റൊരു കാര്യം. അതായത് മറ്റെന്തെങ്കിലും കൃത്യമായ കാര്യം സന്ദര്‍ശനത്തിന് ഉണ്ടെങ്കില്‍ ഇവരെ ഏത് തരത്തില്‍ പിന്തിരിപ്പിക്കാന്‍ സാധിക്കും എന്നതാണ് ചോദ്യം.
അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ലാഭകരമായ ഒരു ബിസിനസാണ് 'പ്രസവ ടൂറിസം' റഷ്യയിലും ചൈനയിലും ഇതിന് ഏജന്‍സികളുണ്ട്. പരസ്യങ്ങള്‍ നല്‍കി 80,000 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. ഹോട്ടല്‍ താമസവും വൈദ്യ പരിചരണവും എല്ലാം വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും ആയിരക്കണക്കിന് സ്ത്രീകളാണ് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇങ്ങനെ അമേരിക്കയില്‍ വന്നു പ്രസവിക്കുന്നത്.
'മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളെ അമേരിക്കയില്‍ വരാന്‍ സഹായിക്കുന്നതിനായി അമേരിക്കയില്‍ തന്നെ ഏജന്‍സികളുണ്ട്. ഒരു സ്ത്രീ പ്രസവിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം നേടുന്നതിനും അതുവഴി അവരുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സഹായകമാകുന്നു. ഈ എളുപ്പ വഴിയാണ് 'പ്രസവ ടൂറിസം' തഴച്ചുവളരാന്‍ സഹായകമായതെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam