
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കലുഷിതമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന ഈ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഉടൻ തന്നെ നേരിൽ കാണാൻ തീരുമാനിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വെടിനിർത്തൽ സാധ്യതകളുമാണ് ഇരു നേതാക്കളും തമ്മി ചർച്ച ചെയ്തത്. ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.
സമീപകാലത്ത് ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. ലെബനനിലെ സൈനിക നീക്കങ്ങൾ പരിമിതപ്പെടുത്താനും ഇറാനുമായി നയതന്ത്ര തലത്തിൽ ഒരു ധാരണയിൽ എത്താനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നയതന്ത്ര ചർച്ചകളോട് നെതന്യാഹുവിന് കടുത്ത വിയോജിപ്പുണ്ട്. സൈനിക സമ്മർദ്ദം ശക്തമാക്കി ഇറാന്റെ ആണവ-സൈനിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമായി തുടരുന്നുണ്ട്. പശ്ചിമേഷ്യൻ വിഷയത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു സമവായത്തിൽ എത്തുക എന്നത് നിർണായകമാണ്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിൽ യുദ്ധത്തിന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കാം. ഇറാനും ലെബനനുമെതിരെയുള്ള ഇസ്രായേലിന്റെ ഭാവി സൈനിക നീക്കങ്ങളെ ഈ കൂടിക്കാഴ്ച എങ്ങനെ സ്വാധീനിക്കും എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam