
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിൽ വലിയ വിള്ളൽ. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ മെലോണി തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെലോണിക്ക് ധൈര്യമുണ്ടെന്നാണ് താൻ കരുതിയതെന്നും അത് തെറ്റായിരുന്നുവെന്നും ഞെട്ടിപ്പോയെന്നും ഇറ്റാലിയൻ പത്രമായ 'കൊറിയർ ഡെല്ല സെറ'യ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ പുതുക്കേണ്ടതില്ലെന്ന ഇറ്റലിയുടെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. നേരത്തെ ട്രംപിനെ നൊബേൽ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം പങ്കുവച്ചിരുന്ന മെലോണി, ഇപ്പോൾ അമേരിക്കയുമായുള്ള ബന്ധത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.
ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീണത്. മാർപ്പാപ്പക്കെതിരായ ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് മെലോണി വ്യക്തമാക്കി. ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും പോപ്പ് സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും സാധാരണമാണെന്നും മെലോണി പറഞ്ഞു. ഇതിന് മറുപടിയായി മെലോണി അസ്വീകാര്യയായ നേതാവാണെന്ന് ട്രംപ് തിരിച്ചടിച്ചു. സഖ്യകക്ഷികൾക്കിടയിൽ വിയോജിപ്പുകൾ തുറന്നു പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു തുടർന്ന് മെലോണിയുടെ പ്രതികരണം. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെതിരായ ട്രംപിന്‍റെ ഭീഷണിയെ അപലപിച്ചു.
ഇറ്റലിക്കുള്ളിൽ മെലോണി നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളും ഈ നിലപാട് മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അടുത്തിടെ നടന്ന ഹിതപരിശോധനയിൽ സർക്കാരിനെ വോട്ടർമാർ തള്ളിയിരുന്നു. കൂടാതെ ഇറാൻ യുദ്ധം മൂലമുള്ള ഇന്ധനവില വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും ഇറ്റാലിയൻ ജനതയ്ക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന്റെ തീവ്ര നിലപാടുകളിൽ നിന്ന് അകലം പാലിക്കാനാണ് മെലോണി ശ്രമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam