
വാഷിംഗ്ടണ്‍: ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുന്നു. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം.
ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെയാണ് ഇറാൻ അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ചായിരുന്നു ഇറാന്റെ നടപടി. ഇതിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പൽ ഉടൻ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നൽകി. കപ്പലുകൾക്ക് സ്വൈര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ സമാധാനം ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയതിനെ തൊട്ടുപിന്നാലെയാണ് ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടത്. ഹോർമുസിൽ യുഎസ് മുങ്ങികപ്പലിന് സമീപം അപകടകരമാം വിധത്തിൽ പറന്ന ഡ്രോണിനെ പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ആണവകരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തെ തുടർന്ന് ബന്ധം വഷളായതിന് പിന്നാലെ അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടിരുന്നു. ഇതിന്റെ പേരിൽ ഇറാനെ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് ബന്ധം വഷളായതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam