ഇന്ത്യക്ക് 50% താരിഫ്, ട്രംപ് ഒപ്പുവച്ചു, പക്ഷേ ഉടൻ നടപ്പാകില്ല; റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന ചൈനക്ക് 90 ദിവസം, ഇന്ത്യക്ക് 3 ആഴ്ച സമയം, വിമർശനം ശക്തം

Published : Aug 06, 2025, 10:46 PM IST
trump sign

Synopsis

ട്രംപിന്‍റേത് ഇരട്ടത്താപ്പാണ് എന്ന വിമർശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്

വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് 25 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ വിമർശനവും ശക്തം. ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയർത്തി. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ട്രംപിന്‍റെ ഉത്തരവ്. ട്രംപിന്‍റേത് അന്യായവും ദൗർഭാഗ്യകരവുമായ നടപടിയെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്. ട്രംപിന്‍റേത് ഇരട്ടത്താപ്പാണ് എന്ന വിമർശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ശക്തമാകുന്നത്. താരിഫ് വിഷയത്തിൽ ഇന്ത്യക്കും യു എസിനും ഇടയിലെ തർക്കം പുതിയ മാനങ്ങളിലേക്ക് നീങ്ങുകയാണ്.

വിശദ വിവരങ്ങൾ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിനു പുറമെ ഈ പിഴ കൂടി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം നികുതി ഇന്ത്യക്ക് ഈടാക്കാനാനാണ് ട്രംപ് നിശ്ചയിച്ചത്. വ്യാപാര കരാറിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടായിരുന്നു ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ഇത് അമ്പതാക്കി ഉയർത്തുന്നു എന്നാണ് ഇന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാകും ഈ പിഴ ഈടാക്കി തുടങ്ങുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കാനാണ് ഈ മൂന്നാഴ്ച ട്രംപ് നൽകിയിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ, റഷ്യയ്ക്ക് യുദ്ധം ചെയ്യാനുള്ള ഇന്ധനം നൽകുന്നു എന്ന് ട്രംപ് വാദിച്ചിരുന്നു. ട്രംപിന്‍റെ ഈ നീക്കം ഇന്ത്യയിലെ ഐ ടി, ടെക്സ്റ്റൈൽ തുങ്ങി പല മേഖലകൾക്കും തിരിച്ചടിയാകും. രാജ്യ താൽപര്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. നീതികരിക്കാനാവാത്ത അന്യായ നടപടിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ തിരിച്ചടിച്ചു. മറ്റ് പല രാജ്യങ്ങളും രാജ്യങ്ങളും റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തുന്നു എന്ന സൂചനയും ഇന്ത്യയുടെ പ്രസ്താവനയിലുണ്ട്. ഇന്ത്യയെ ഭീഷണിപ്പെടുത്തി വ്യപാര കരാറിലെത്തിക്കാൻ ട്രംപ് ശ്രമിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബലഹീനത കൊണ്ട് രാജ്യതാൽപര്യം ബലികഴിക്കരുത് എന്നും രാഹുൽ ആവശ്യപ്പെട്ടു. ദൗർഭാഗ്യകരമെന്ന് ശശി തരൂർ പ്രതികരിച്ചു.

അതേസമയം ഇന്ത്യ - യു എസ് ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്‍റെ ഈ നീക്കം. എന്നാൽ യു എസുമായുള്ള ചർച്ചകളിൽ നിന്ന് സർക്കാർ പിൻമാറാൻ സാധ്യതയില്ല. വ്യാപാര കരാറിലെ ചർച്ചകൾക്ക് യു എസ് ഉദ്യോഗസ്ഥർ ഈ മാസം ഇന്ത്യയിലെത്തുന്നത് ഇത് വരെ റദ്ദാക്കിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് റഷ്യയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ട്രംപിന്‍റെ നീക്കത്തെ കരുതലോടെ നേരിടുമെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. എന്തായാലും ഈ തീരുവ പ്രഹരം സർക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മർദ്ദവും ശക്തമാക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം