'ആ ബോംബുകൾ ഉടൻ വീഴില്ല', ഇറാൻ ഏകീകൃത നിർദ്ദേശം മുന്നോട്ടുവയ്ക്കും വരെ വെടിനിർത്തൽ നീട്ടി ട്രംപ്, നീക്കം പാക് അഭ്യർത്ഥനയിൽ

Published : Apr 22, 2026, 02:10 AM IST
Trump

Synopsis

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ ഭരണകൂടത്തിലെ ഭിന്നതകളെ തുടർന്നാണ് ഈ തീരുമാനം.  

വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരും.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാൻ സർക്കാർ നിലവിൽ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകി.

അതേസമയം, സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്ര റദ്ദാക്കി. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ നടപടികൾ കടൽക്കൊള്ളയാണെന്നും ഭരണകൂട ഭീകരതയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബാഘായി ആരോപിച്ചു. ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ കപ്പലുകൾ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മിഡിൽ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും മിയാമിയിൽ നിന്ന് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഇവരെ രണ്ടാമത്തെ റൗണ്ട് ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകേണ്ട വിമാനം വാഷിംഗ്ടണിലേക്ക് തിരിച്ചുവിട്ടതായാണ് ഫ്ലൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നത്. യുഎസ് സംഘത്തെ ജെഡി. വാൻസും ഇറാൻ സംഘത്തെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നയിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാൽ ഇറാൻ ഔദ്യോഗികമായി ചർച്ചയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി അതാവുള്ള തരാർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചര്‍ച്ചയ്ക്ക് പ്ലാനൊന്നുമില്ലെന്ന് ഇറാൻ! പാക്കിസ്ഥാനിലേക്ക് ഇറങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് വാഷിങ്ടണിൽ തുടരുന്നു, ഇസ്ലാമാബാദ് ചർച്ചയിൽ അനിശ്ചിതത്വം
'മുഴുക്കുടിയന്‍, മുങ്ങല്‍ക്കാരന്‍', വാര്‍ത്തക്കെതിരെ 2300 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി എഫ്ബിഐ ഡയരക്ടര്‍ കാഷ് പട്ടേല്‍