
വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ തനിക്കുമുന്നിൽ രൂപപ്പെട്ട തന്ത്രപരമായ പ്രതിസന്ധികളിൽ നിന്ന് പുറത്തുകടക്കാൻ വഴി കാണാതെ കുടുങ്ങിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ചെയ്യാൻ എടുത്ത തീരുമാനം ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും വലിയ ചരിത്രപരമായ വിഡ്ഢിത്തമായി മാറുമോ, അതോ തിരിച്ചടികളിൽ നിന്ന് അദ്ദേഹം വഴി കണ്ടെത്തുമ്പോഴേക്കും യു.എസ്. മറ്റൊരു ദീർഘകാല യുദ്ധത്തിലേക്ക് വഴുതിവീഴുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ഉറ്റുനോക്കുന്നത്.
നയതന്ത്രം തുടർച്ചയായി പരാജയപ്പെടുകയും, ഇറാൻ കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നതോടെ, മുൻഗാമികളായ യു.എസ്. പ്രസിഡന്റുമാർ നേരിട്ട അതേ 'ചതിക്കുഴി'യിലാണ് ഇന്ന് ട്രംപും എത്തിനിൽക്കുന്നത്.
ട്രംപിന് മുന്നിൽ ഇനി മൂന്ന് വഴികളാണുള്ളതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അനിശ്ചിതമായി നീളുന്ന ആക്രമണങ്ങൾ, വൻ രക്തച്ചൊരിച്ചിലിന് വഴിവെക്കുന്ന കരയുദ്ധം, അല്ലെങ്കിൽ അപമാനം സഹിച്ചുള്ള പിന്മാറ്റം. ഇറാനെ എങ്ങനെ ശിക്ഷിക്കണം എന്നതിന് പുതിയ ആശയങ്ങൾ തേടി പന്റഗൺ സൈനിക വിശകലന വിദഗ്ദ്ധരുടെ സഹായം തേടിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ലിൻഡൻ ബി. ജോൺസൺ, നിക്സൺ, ബുഷ്, ഒബാമ എന്നിവർ വിയറ്റ്നാമിലും ഇറാഖിലും വീണ അതേ തന്ത്രപരമായ പിഴവുകളിലേക്ക് ട്രംപും നയിക്കപ്പെടുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് വരാനിരിക്കെ കരയുദ്ധത്തിലേക്ക് കടക്കുന്നത് ട്രംപിന് രാഷ്ട്രീയമായി വൻ തിരിച്ചടിയാകും.
ട്രംപിന്റെ അവസാന അടവും ഇറാൻ തള്ളിക്കളഞ്ഞതോടെ, തിങ്കളാഴ്ച അദ്ദേഹത്തിന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ വലിയ നിരാശയാണ് പുറത്തുവന്നത്. "ഇറാനിയൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവിധം ചതിക്കുന്നവരാണ്" എന്ന് രോഷാകുലനായ ട്രംപ്, "നല്ലൊരു കരാറിൽ ഒപ്പുവെക്കാനുള്ള അവരുടെ അവസാന അവസരമാണിത്" എന്ന് ഓവൽ ഓഫീസിൽ വെച്ച് മുന്നറിയിപ്പും നൽകി.
എന്നാൽ ഇറാനെ 'ശിരച്ഛേദം' ചെയ്യുമെന്ന മുന്നറിയിപ്പ് ട്രംപിന് മുന്നിൽത്തന്നെ ചോദ്യങ്ങൾ ഉയർത്തുന്നു. ബോംബിട്ടതുകൊണ്ട് മാത്രം ടെഹ്‌റാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെന്നിരിക്കെ, മാരകമായ ആക്രമണങ്ങൾക്ക് മുതിരുന്നത് വലിയൊരു ചൂതാട്ടമായിരിക്കും.
ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഗൾഫ് മേഖലയിലെ യുഎസ് സഖ്യരാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തുകൊണ്ട് സാമ്പത്തികമായി വലിയ തിരിച്ചടി നൽകാൻ ഇറാൻ ശ്രമിക്കും. കഴിഞ്ഞ വാരാന്ത്യത്തിൽ ഈ ഗൾഫ് രാഷ്ട്രത്തലവന്മാർ ട്രംപിനെ വിളിച്ച് ആശങ്ക അറിയിച്ചതും ഈ അപകടസാധ്യത മുൻനിർത്തിയാണ്.
സ്വന്തം അഭിമാനം കാക്കാനോ പ്രതിച്ഛായ നിലനിർത്താനോ വേണ്ടി ആക്രമണങ്ങളുടെ തീവ്രത കൂട്ടിയ അമേരിക്കൻ പ്രസിഡന്റുമാർ പിന്നീട് തകർച്ചയിലേക്ക് വീണുപോയ ചരിത്രമാണ് യു.എസിനുള്ളത്.
ലിൻഡൻ ബി. ജോൺസൺ (LBJ): 1965-ൽ "തോൽക്കുന്നതിനേക്കാൾ മോശമായി മറ്റൊന്നുമില്ല, എന്നാൽ ജയിക്കാനുള്ള വഴിയും കാണുന്നില്ല" എന്ന് പറഞ്ഞ് വിയറ്റ്നാമിലേക്ക് സൈന്യത്തെ അയച്ച ജോൺസന് ഒടുവിൽ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നു.
റിചാർഡ് നിക്സൺ: തോൽവി സമ്മതിക്കാതിരിക്കാൻ കംബോഡിയയിലേക്ക് യുദ്ധം വ്യാപിപ്പിച്ച നിക്സന്റെ ഭരണകാലത്ത് 20,000-ത്തിലധികം യു.എസ്. സൈനികരാണ് വിയറ്റ്നാമിൽ മരിച്ചുവീണത്.
ജോർജ്ജ് ഡബ്ല്യു. ബുഷ്: "ഇറാഖിലെ പരാജയം ദുരന്തമാകും" എന്ന് പ്രഖ്യാപിച്ച് 2007-ൽ കൂടുതൽ സൈന്യത്തെ അയച്ച തന്ത്രവും ഒടുവിൽ പൂർണ്ണ പിന്മാറ്റത്തിലാണ് കലാശിച്ചത്.
ഒരു വ്യോമയുദ്ധം കരയുദ്ധമായി മാറുമ്പോൾ അമേരിക്കൻ ജനതയുടെ നിലപാട് മാറും. മിഡ്‌ടേം തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സൈനികരുടെ മൃതദേഹങ്ങൾ തിരികെയെത്തുന്നത് ട്രംപിന് താങ്ങാൻ കഴിയുന്ന ഒന്നല്ല.
ട്രംപ് സ്വന്തം കുരുക്കിൽ
"ഒരിക്കലും അവസാനിക്കാത്ത, നമ്മൾ ഒരിക്കലും ജയിക്കാത്ത യുദ്ധങ്ങളെ" കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് 2016-ൽ ട്രംപ് വൈറ്റ് ഹൗസിലേക്ക് മത്സരിച്ച് ജയിച്ചത്. എന്നാൽ, സ്വന്തം താൽപ്പര്യങ്ങൾക്ക് വിപരീതമായി സൈനിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് അദ്ദേഹം ഇന്ന്.
2017-ൽ അഫ്ഗാനിസ്ഥാനെക്കുറിച്ച് സംസാരിക്കവേ ട്രംപ് പറഞ്ഞ ആ പ്രശസ്തമായ വാക്കുകൾ ഇന്ന് അദ്ദേഹത്തെത്തന്നെ വേട്ടയാടുന്നുണ്ട്.
"ഓവൽ ഓഫീസിലെ ആ മേശയ്ക്ക് പിന്നിൽ ഇരിക്കുമ്പോൾ തീരുമാനങ്ങൾ എത്ര വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു..." എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്.
ഈ ഇറാൻ യുദ്ധം മുൻഗാമികളുടെയല്ല, ട്രംപിന്റെ മാത്രം സ്വന്തം യുദ്ധമാണ്. വലിയൊരു ദുരന്തത്തിലേക്ക് കടക്കാതെ എങ്ങനെ പിന്മാറുമെന്നാണ് വൈറ്റ് ഹൗസ് ഇപ്പോൾ തലപുകയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam