
വാഷിംഗ്ടൺ: ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നുള്ള ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നേരത്തെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് പിന്നീട് ട്രംപും ശരിവയ്ക്കുകയായിരുന്നു. തങ്ങൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോർമുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാൻ എത്തിയിരിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട അദ്ദേഹം ഇറാൻ ഇപ്പോൾ മുന്നോട്ടുവച്ച സമാധാന ഉപാധികൾ അംഗീകരിക്കാൻ തയ്യാറല്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത വർധിക്കുമോ എന്നത് കണ്ടറിയണം.
അമേരിക്കൻ നിലപാടിന് പിന്നാലെ വ്യോമ ഉപരോധത്തിനെതിരെ സൈനിക നടപടിക്ക് ഇല്ലെന്ന് ഇറാനും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളോട് ഇളവ് ആവശ്യപ്പെടുമെന്നും മറ്റ് നടപടികൾ ആലോചിക്കുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം ഇനി ചർച്ചകൾക്കില്ലെന്നും തങ്ങൾ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുക മാത്രമാണ് യു എസിന് മുന്നിലുള്ള വഴിയെന്നും നേരത്തെ ഇറാന്റെ ദേശീയ പരമാധികാര സുരക്ഷാ കൗൺസിൽ സെക്രട്ടറി പ്രതികരിച്ചിരുന്നു. അമേരിക്ക ഉപാധികൾ അംഗീകരിക്കുന്നതുവരെ ഹോർമൂസ് തുറക്കില്ല. നേരത്തെ 7 ദിവസത്തെ സമാധാന നിർദേശത്തിന് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്‍റും വ്യക്തമാക്കിയിരുന്നു.
മറുവശത്ത് മേഖലയിലെ സൈനിക നടപടികൾ അമേരിക്കയ്ക്കും കടുത്ത വെല്ലുവിളിയാകുന്നുണ്ട്. അമേരിക്കൻ പടക്കപ്പലായ ജോർജ് വാഷിങ്ടണിന് മുകളിൽ മിസൈൽ സ്ഫോടനം നടത്തിയെന്നും പിടിച്ചെടുത്ത യു എസ് അന്തർവാഹിനി റിവേഴ്സ് എൻജിനീയറിങ് നടത്തുകയാണെന്നും ഇറാൻ അവകാശപ്പെട്ടു. കൂടാതെ ദീർഘകാലമായി യുദ്ധദൗത്യത്തിലുള്ള ഏബ്രഹാം ലിങ്കൺ പടക്കപ്പലിലെ എട്ട് അമേരിക്കൻ സൈനികർ ആത്മഹത്യക്ക് ശ്രമിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. കടുത്ത ഉപരോധങ്ങൾക്കിടയിലും ഡ്രോൺ നിർമ്മാണം ലക്ഷ്യമിട്ട് ചൈന ഈ വർഷം ആദ്യ ആറുമാസത്തിനിടെ 1300 ഷിപ്മെന്റുകൾ ഇറാനിലേക്ക് അയച്ചതായും വാൾ സ്ട്രീറ്റ് ജേണൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam