
വാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഖാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെന്ററിൽ നടന്ന പരിപാടിക്കിടെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് യു എസ് പ്രസിഡന്റ് റഷ്യക്കും പുടിനും മുന്നറിയിപ്പ് നൽകിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അലാസ്ക കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കാണ് ട്രംപ് മറുപടി നൽകിയത്. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ സമ്മതിച്ചില്ലെങ്കിൽ 'വളരെ കടുത്ത പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പുടിനുമായി നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കൻ പ്രസിഡന്‍റ് വിവരിച്ചു.
അമേരിക്കൻ ഫെഡറൽ കോടതി രേഖകൾ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങൾ റഷ്യ ഹാക്ക് ചെയ്തുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട്, ട്രംപ് അതിനെക്കുറിച്ച് പുടിനോട് വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ ചോദിക്കാൻ തയ്യാറാണെന്ന് പ്രതികരിച്ചു. "നിനക്ക് അത്ഭുതം തോന്നുന്നുണ്ടോ? അവർ ഹാക്ക് ചെയ്യുന്നു," എന്നും ട്രംപ് മറുപടി നൽകി. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായും രണ്ടാമതൊരു കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച അലാസ്കയിൽ നടക്കാനിരിക്കുന്ന ആദ്യ കൂടിക്കാഴ്ചയെക്കാൾ 'കൂടുതൽ ഫലപ്രദമായിരിക്കും' രണ്ടാമത്തെ കൂടിക്കാഴ്ച എന്നും ട്രംപ് പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിൽ 'നാം എവിടെയാണ്, എന്താണ് ചെയ്യുന്നത് എന്ന് ഞാൻ മനസ്സിലാക്കും' എന്ന് ട്രംപ് വിവരിച്ചു. 'ഞാൻ ആഗ്രഹിക്കുന്നത് ഉടനടി യുദ്ധം അവസാനിപ്പിക്കൽ നടത്താനാണ്, പുടിനും സെലൻസ്കിയും എന്നോടൊപ്പം ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഒരു ദ്രുതഗതിയിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ച നടത്തും' - ട്രംപ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചത്തെ ചർച്ചകൾക്ക് ശേഷം സെലൻസ്കിയെയും മറ്റ് യൂറോപ്യൻ നേതാക്കളെയും വിളിക്കാനാണ് തന്റെ പദ്ധതിയെന്നും യു എസ് പ്രസിഡന്‍റ് വിവരിച്ചു.
അതേസമയം അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായി ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയും. യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത സെലൻസ്കി, യുക്രൈന്‍റെ അവകാശങ്ങൾക്ക് വേണ്ടിയാണ് വാദിച്ചത്. ഇതിനെ ജർമൻ ചാൻസലർ അടക്കം ശക്തമായി പിന്തുണക്കുകയായിരുന്നു. യുക്രൈൻ - റഷ്യ വെടിനിർത്തൽ ആദ്യം വേണമെന്ന നിലപാടാണ് സെലൻസ്കി ചർച്ചയിൽ ഉയർത്തിയത്. ആദ്യം വെടിനിർത്തൽ, പിന്നെയാകാം സമാധാന കരാർ എന്ന സെലൻസ്കിയുടെ നിലപാടിനെ യൂറോപ്യൻ നേതാക്കളും പിന്തുണക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam