യുക്രൈൻ കാട്ടിയത് 'പൂജ്യം നന്ദി', സമാധാന കരാറിലെ അന്ത്യശാസനത്തിന് പിന്നാലെ ട്രംപിന്‍റെ കടുത്ത പ്രയോഗം, ബൈഡനും വിമർശനം; സെലൻസ്കിയുടെ തീരുമാനമെന്താകും?

Published : Nov 24, 2025, 02:42 AM IST
Donald Trump Zelenskyy

Synopsis

യു എസിലും യുക്രൈനിലും ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസിൽ 'ഉറക്കം തൂങ്ങുന്ന' പ്രസിഡ‍ന്‍റായ ജോ ബൈഡനല്ലായിരുന്നെങ്കിൽ റഷ്യ - യുക്രൈൻ യുദ്ധം ഉണ്ടാകില്ലായിരുന്നു…

വാഷിങ്ടൻ: റഷ്യ - യുക്രൈൻ യുദ്ധത്തിൽ യു എസ് നൽകിയ വൻ പിന്തുണയ്ക്ക് പകരമായി യുക്രൈൻ നേതൃത്വം യാതൊരു നന്ദിയും കാണിച്ചില്ലെന്ന വിമർശനവുമായി യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ദീർഘ കുറിപ്പിലൂടെയാണ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെയും ഭരണകൂടത്തെയും കടന്നാക്രമിച്ചത്. യു എസിലും യുക്രൈനിലും ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 2020 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നില്ലായിരുന്നെങ്കിലും, 'ഉറക്കം തൂങ്ങുന്ന' പ്രസിഡ‍ന്‍റായ ജോ ബൈഡനല്ലായിരുന്നെങ്കിലും റഷ്യ - യുക്രൈൻ യുദ്ധം ഉണ്ടാകില്ലായിരുന്നു. 'ഉറക്കം തൂങ്ങുന്ന' പ്രസിഡ‍ന്‍റായ ജോ ബൈഡന്‍റെ ഭരണകാലത്താണ് യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദശലക്ഷക്കണക്കിനാളുകൾ മരിച്ച ഈ അനാവശ്യ യുദ്ധം ഒഴിവാക്കാമായിരുന്നുവെന്നും ട്രംപ് ആവർത്തിച്ചു.

യൂറോപ്പിനും വിമർശനം

യൂറോപ്പ് ഇപ്പോഴും റഷ്യയിൽനിന്ന് എണ്ണ വാങ്ങിക്കൊണ്ടിരിക്കുന്നുവെന്നും ട്രംപ് വിമർശിച്ചു. ബൈഡൻ സൗജന്യമായി നൽകിയിരുന്ന ആയുധങ്ങൾ ഇപ്പോൾ അമേരിക്ക, വിവിധ ലോകരാജ്യങ്ങൾക്ക് വലിയ വിലയ്ക്ക് വിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു എസിന്റെ ബില്യൺ കണക്കിന് ഡോളർ സഹായത്തിന് യുക്രൈൻ 'പൂജ്യം നന്ദി' മാത്രമാണ് കാണിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നൽകിയതിന് പിന്നാലെയാണ് യു എസ് പ്രസിഡന്‍റിന്‍റെ കടുത്ത വിമർശനം എന്നത് ശ്രദ്ധേയമാണ്.

സമാധാന പദ്ധതിയിൽ സെലൻസ്കിയുടെ നിലപാടെന്ത്?

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധിയാണ് നിലവിൽ യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്. നവംബർ 27 നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. സമയം നീട്ടിനൽകുമെന്ന സൂചനയുണ്ടെങ്കിലും ട്രംപിന്‍റെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ക്രിമിയയും ഡോണ്‍ബാസും റഷ്യക്ക് വിട്ടുകൊടുക്കണം, നാറ്റോ അംഗത്വം ഉപേക്ഷിക്കണം തുടങ്ങിയ കടുത്ത വ്യവസ്ഥകള്‍ ഉള്ള പദ്ധതി അംഗീകരിക്കാതിരുന്നാല്‍ അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്ന ട്രംപിന്റെ ശാസനം സെലെൻസ്കിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോ‍ർട്ടുൾ പറയുന്നത്.

അതേസമയം റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഡോണൾഡ്‌ ട്രംപിന്റെ സമാധാന പദ്ധതിയെപ്പറ്റി യുക്രൈനും അമേരിക്കയും ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ ആയിരിക്കും ആദ്യ ഘട്ട ഉദ്യോഗസ്ഥ ചർച്ചകൾ. ട്രംപിന്റെ 28 ഇന സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കാൻ യുക്രൈനുമേൽ അമേരിക്ക സമ്മർദ്ദം തുടരുകയാണ്. അതേസമയം ഏറെ കരുതലോടെ ആണ് യുക്രൈന്റെ പ്രതികരണം. റഷ്യ ഈ സമാധാന പദ്ധതിയോട് യോജിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന യൂറോപ്യൻ നേതാക്കൾ ട്രംപിന്റെ സമാധാന പദ്ധതിയെപ്പറ്റി അനൗപചാരിക ചർച്ചകൾ നടത്തി. യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ജർമ്മനിയുടെയും നേതാക്കളുമായി ഫോണിൽ സംസാരിച്ചു. സമാധാന പദ്ധതിയിലെ പല നിർദേശങ്ങളോടും പല യൂറോപ്യൻ നേതാക്കൾക്കും വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ട്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്