
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഹോർമുസ് കടലിടുക്ക് സൈനിക ബലത്തിലൂടെ തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഈ പാത തുറക്കുന്നതിനായി യു കെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്നും, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നുമാണ് ട്രംപിന്റെ ആഹ്വാനം. ഹോർമൂസ് പിടിച്ചെടുക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകൾ അയക്കാൻ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരമടക്കം നിലച്ച മട്ടിലാണ്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം എൽ പി ജി, എണ്ണ ആശങ്കയിലാണ്. അതിനിടയിലുള്ള ട്രംപിന്‍റെ പുതിയ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ്ജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന ഇറാന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഖാര്‍ഗ് ദ്വീപിലെ ഇറാന്‍റെ പ്രധാന എണ്ണ ഉത്പാദന കയറ്റുമതി കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഇവിടെ നിന്നാണ്. എന്നാൽ ദ്വീപിലെ സൈനികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യ റൗണ്ട് ആക്രമണത്തിൽ തന്നെ വ്യോമപ്രതിരോധം സജ്ജമായതായും ചെറുത്തതായും ഇറാൻ അവകാശപ്പെട്ടു. പിന്നാലെ ആക്രമണ വീഡിയോ ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍സഞ്ചാരം തടഞ്ഞാല്‍ ഇവിടുത്തെ എണ്ണ ഉത്പാദന കേന്ദ്രങ്ങളളും ആക്രമിക്കുമെന്നാണ് ഭീഷണി. മിഡിൽ ഈസ്റ്റിലേക്ക് യു എസ് എസ് ട്രിപ്പളി ഉള്‍പ്പെടെ 3 വന്‍ പടക്കപ്പലുകളും 2200 നാവികരും കൂടി പുറപ്പെട്ടിട്ടുണ്ട്. ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ഹെലിപ്പാഡ് ആണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ആക്രമണത്തിൽ അഞ്ച് യു എസ് ഇന്ധന ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി വാൾ സ്ട്രിറ്റ് ജേണലിന്റെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഖത്തറിൽ ഇന്ന് മുന്നൊരുക്കങ്ങളുടെ ഭാഗമായി ചില താമസകേന്ദ്രങ്ങൾ താൽക്കാലികമായി ഒഴിപ്പിച്ചു. കുവൈത്തിൽ ഇന്ധന മേഖലയിൽ ആക്രമണം കാരണം വാതക ചോർച്ചയില്ലെന്ന് കുവൈത്ത് വിശദീകരിച്ചു. യു എ ഇയിൽ സെന്‍ട്രൽ ദുബായിൽ ഇന്ന് ഡ്രോൺ അവശിഷ്ടം വീണു. തീപ്പിടുത്തമോ പരിക്കുകളോ ഇല്ല. എന്നാൽ യു എ ഇയിൽ ഉൾപ്പടെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. അയൽ രാജ്യങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam