
വാഷിങ്ടണ്‍: പനാമ കനാൽ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കിൽ കനാലിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കപ്പലുകൾക്ക് അന്യായ നിരക്ക് ഏർപ്പെടുത്തുന്നു എന്നാണ് ട്രംപിന്‍റെ പരാതി. പനാമ കനാൽ മേഖലയിലെ ചൈനീസ് സ്വാധീനത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. അമേരിക്ക പനാമയ്ക്ക് നൽകിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ യുഎസിലെ പനാമ ഏജൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല.പസഫിക് സമുദ്രത്തെയും അറ്റ്‍ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റർ നീളമുള്ള കനാലാണ് പനാമ കനാൽ. 1904നും 14നും ഇടയിലാണ് കനാൽ നിർമാണം പൂർത്തിയാക്കിയത്. 1977 വരെ അമേരിക്കയ്ക്കായിരുന്നു നിയന്ത്രണം. 99ലാണ് നിയന്ത്രണം പനാമയുടെ കൈകളിലെത്തിയത്. കാറുകൾ, പ്രകൃതിവാതകം, മറ്റ് ചരക്കുകൾ, സൈനിക കപ്പലുകൾ എന്നിവ വഹിക്കുന്ന കണ്ടെയ്‌നർ കപ്പലുകൾ ഉൾപ്പെടെ പ്രതിവർഷം 14,000 കപ്പലുകൾ വരെ കനാൽ മുറിച്ചുകടക്കുന്നു.
അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണയും ഗ്യാസും വാങ്ങിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് നേരത്തെ യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തിയിരുന്നു. എല്ലാത്തിന്‍റെയും താരിഫ് കൂടും എന്നാണ് ഭീഷണി. ചില അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ ഇന്ത്യക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ചുമത്തിയ ഉയർന്ന താരിഫിന് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ചുമത്താനുള്ള തന്‍റെ ഉദ്ദേശ്യം ട്രംപ് ആവർത്തിച്ചു. ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam