
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിപണിയുടെ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാന്റെ അധീനതയിലുള്ള സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഖത്തറിലെയും യുഎഇയിലെയും പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി. ഇതോടെ ഇറാന് കടുത്ത താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയല്ലെന്നും ഇസ്രായേൽ പ്രകോപിതരായി നടത്തിയ നീക്കമാണിതെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി ഖത്തറിനെ ആക്രമിക്കാത്ത പക്ഷം ഇസ്രായേൽ സൗത്ത് പാർസിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തില്ല. എന്നാൽ ഖത്തറിനെ വീണ്ടും ലക്ഷ്യം വെച്ചാൽ, അമേരിക്ക നേരിട്ട് ഇടപെടും. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലോകം ഇന്നുവരെ കാണാത്ത കരുത്തിൽ അമേരിക്ക തകർക്കും," ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആക്രമണത്തിൽ ഖത്തറിലെ എൽഎൻജി സൈറ്റുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പ്ലാന്റുകളിൽ വൻ തീപിടുത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നാലെ ഖത്തർ തങ്ങളുടെ രാജ്യത്തെ ഇറാൻ എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവിട്ടു. യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റിക്ക് നേരെയും ബാബ് ഫീൽഡിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇത് അതീവ അപകടകരമായ പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം പ്രതികരിച്ചു. നിലവിൽ യുഎഇ തങ്ങളുടെ ഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില 5 ശതമാനം കൂടി വർദ്ധിച്ച് ബാരലിന് 108 ഡോളറിൽ എത്തി. യുദ്ധം തുടങ്ങിയ ശേഷം എണ്ണവിലയിൽ 50 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. എണ്ണ വിതരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വെനസ്വേലയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി. അമേരിക്കൻ കമ്പനികൾക്ക് വെനസ്വേലയുടെ എണ്ണക്കമ്പനിയുമായി ഇടപാടുകൾ നടത്താൻ അനുമതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam