തുർക്കി ഖനിയില്‍ സ്ഫോടനം; 40 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Published : Oct 15, 2022, 03:00 PM ISTUpdated : Oct 15, 2022, 03:08 PM IST
തുർക്കി ഖനിയില്‍ സ്ഫോടനം; 40 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Synopsis

300 നും 350 മീറ്ററിനും ഇടയിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയിൽ 49 പേർ ജോലി ചെയ്തിരുന്നെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. 


തുര്‍ക്കി: വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരിച്ചു. ഡസൻ കണക്കിന് ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍.  കരിങ്കടലിന്‍റെ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ സ്ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇതില്‍ പകുതിയില്‍ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 11 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തുർക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിൻ കോക്ക അറിയിച്ചു. 

ഖനിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്താനായി പാറ തുരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കാണാതായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളും തങ്ങളുടെ ഉറ്റവര്‍ക്കായി ഖനിയ്ക്ക് സമീപത്തായി തമ്പടിച്ചിരിക്കുകയാണ്. ഏകദേശം 300 മീറ്റർ ആഴത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 300 നും 350 മീറ്ററിനും ഇടയിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയിൽ 49 പേർ ജോലി ചെയ്തിരുന്നെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നു. 

സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് പ്രാദേശിക പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. കൽക്കരി ഖനികളിൽ സ്ഫോടനാത്മക മിശ്രിതം രൂപപ്പെടുന്ന മീഥേൻ ഫയർ ഡാംപാണ് സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക സൂചനകളുണ്ടെന്ന് തുർക്കി ഊർജ മന്ത്രി അറിയിച്ചു. ഖനിക്കുള്ളിൽ ഭാഗികമായ തകർച്ചയുണ്ടായി, എന്നാല്‍ തീപിടുത്തം ഉണ്ടായിട്ടില്ലെന്നും വെന്‍റിലേഷൻ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ന് സ്ഥലം സന്ദർശിച്ചു. രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് അമാസ്ര മേയർ റെക്കായ് കാക്കിർ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ടർക്കിഷ് ഹാർഡ് കോൾ എന്‍റർപ്രൈസസിന്‍റെ ഖനിയിലാണ് അപകടം നടന്നത്. 2014ൽ പടിഞ്ഞാറൻ പട്ടണമായ സോമയിലുണ്ടായ സ്‌ഫോടനത്തിൽ 301 പേർ മരിച്ചതിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. 
 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം