
ഇസ്താംബുള്‍: ഔദ്യോഗിക യാത്രക്കിടെ ആഢംബര ബാഗ് കയ്യില്‍ കരുതിയ തുര്‍ക്കി പ്രഥമ വനിതയ്ക്ക് രൂക്ഷ വിമര്‍ശനം. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഭര്‍ത്താവും തുര്‍ക്കി പ്രസിഡന്‍റുമായ തയ്യിപ് ഉര്‍ദുഗാനെ അനുഗമിച്ചപ്പോഴാണ് പ്രഥമ വനിത എമിന്‍ ഉര്‍ദുഗാന്‍ വിലകൂടിയ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതിയത്. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളില്‍ നിന്നും ആഢംബര ബാഗ് സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കുകയായിരുന്നു.
ടോക്കിയോയിലെ ഇമ്പീരിയല്‍ പാലസില്‍ തയ്യിപ് ഉര്‍ദുഗാനൊപ്പം വിമാനമിറങ്ങുന്ന എമിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാഗിന്‍റെ വില അന്വേഷിച്ച് പാപ്പരാസികള്‍ ഇറങ്ങിയത്. എന്നാല്‍ വില കേട്ട് അമ്പരന്നിരിക്കുകയാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍. ഹെര്‍മിസ് എന്ന ബ്രാന്‍ഡിലുള്ള ഈ ബാഗിന്‍റെ വില 50,000 യു എസ് ഡോളറാണ്, അതായത് ഏകദേശം 34,42,125 ഇന്ത്യന്‍ രൂപ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 11 പേര്‍ക്ക് ഒരുവര്‍ഷത്തോളം ശമ്പളം നല്‍കാനുള്ള പണമാണ് ബാഗിനായി ചെലവഴിച്ചതെന്നാണ് വിമര്‍ശനം.
എമിന്‍ ഉര്‍ദുഗാന്‍റെ അമിതമായ ജീവിതച്ചെലവുകള്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോള്‍ പ്രസിഡന്‍റ് ആഢംബരം ഒട്ടും കുറക്കുന്നില്ലെന്ന് 1,150 മുറികളുള്ള പ്രസിഡന്‍റിന്‍റെ വസതി ചൂണ്ടിക്കാട്ടി തുര്‍ക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.