
ദില്ലി: യുഎസ് ബ്രസീലിന് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടുത്ത മാസം നടക്കുന്ന നിർണായക കൂടിക്കാഴ്ചയിൽ എന്തു നിലപാടെടുക്കും എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവ നൽകിയത്. രണ്ട് 80 വയസ്സുകാർ തമ്മിൽ എന്തിന് വഴക്കിടണം എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ലുലയ്ക്ക് ഇപ്പോൾ 80 വയസ്സാണ്, ട്രംപിന് ഈ ജൂണിൽ 80 തികയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ലുല ദ സിൽവയെ ഉദ്ധരിച്ച് ഇന്ത്യാടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയുമായി വ്യാപാര യുദ്ധത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്ന് ലുല വ്യക്തമാക്കി- "രണ്ട് 80-കാർ തമ്മിൽ വഴക്കിടേണ്ട കാര്യമില്ല. എല്ലാ തലത്തിലും മാതൃകയാകേണ്ടവരാണ് നമ്മൾ. യുദ്ധം വേണ്ടെന്ന നിലപാടിലാണ് ഞാൻ. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നു"- എന്നാണ് ലുലയുടെ മറുപടി.
മുൻ ബ്രസീലിയൻ പ്രസിഡന്റ് ബോൽസനാരോയ്ക്ക് എതിരെയുള്ള അട്ടിമറി കേസിലെ വിചാരണയെ തുടർന്നാണ് ട്രംപ് ബ്രസീലിന് മേൽ 50 ശതമാനം തീരുവ ചുമത്തിയത്. തുടർന്ന് ലുലയും ട്രംപും തമ്മിൽ പല തവണ വാക്കുകളിലൂടെ ഏറ്റുമുട്ടി. ബ്രസീലിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് ലുല വ്യക്തമാക്കി. മാർച്ചിലാണ് ട്രംപും ലുലയും തമ്മിലുള്ള കൂടിക്കാഴ്ച. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, അപൂർവ്വ ധാതുക്കൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം എല്ലാം രേഖാമൂലം എഴുതി വാങ്ങുമെന്നും ലുല പറഞ്ഞു.
പൊതുവേദികളിൽ ട്രംപ് ടിവി ഷോയിലെന്നപോലെ നാടകീയമായി പെരുമാറുന്നു എന്നാണ് ലുലയുടെ നിരീക്ഷണം. എന്നാൽ നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹം വളരെ ശാന്തനാണെന്നും ലുല നിരീക്ഷിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബുഷ്, ഒബാമ, ബൈഡൻ എന്നിവരുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും 200 വർഷം പഴക്കമുള്ള യുഎസ്-ബ്രസീൽ ബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam