സുനാമിക്ക് ശേഷമുള്ള മഹാദുരന്തം, 3 രാജ്യങ്ങളിലായി നഷ്ടമായത് ആയിരത്തിലധികം മനുഷ്യജീവൻ; ലോകത്തെ കണ്ണീരിലാഴ്ത്തി 2 ചുഴലിക്കാറ്റുകൾ

Published : Dec 02, 2025, 03:24 PM IST
Cyclone

Synopsis

‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

കൊളംബോ: ആഞ്ഞടിച്ച രണ്ട് ചുഴലിക്കാറ്റുകൾ ലോകത്തെ കണ്ണീരിലാഴ്ത്തിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. 'ഡിറ്റ് വാ', 'സെൻയാർ' ചുഴലിക്കാറ്റുകൾ 3 രാജ്യങ്ങളിലായി ആയിരത്തിലധികം മനുഷ്യജീവനുകളാണ് കവർന്നത്. 'ഡിറ്റ് വാ' ആഞ്ഞടിച്ചപ്പോൾ ശ്രീലങ്ക മഹാദുരന്തം ഏറ്റുവാങ്ങിയ അവസ്ഥയിലാണ്. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 400 ഓളം പേരെ കാണാതായിട്ടുണ്ട്. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20000 വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം.

നിമിഷ നേരത്തിൽ സെൻയാർ ദുരന്തം

സെൻയാർ ചുഴലിക്കാറ്റാകട്ടെ ഇന്തോനേഷ്യയേയും തായ്‌ലൻഡിനെയുമാണ് കണ്ണീരിലാഴ്ത്തിയത്. അസാധാരണമായി മാലാക്ക കടലിടുക്കിനും ഇന്തോനേഷ്യക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ഇന്തോനേഷ്യയിൽ മാത്രം കവർന്നെടുത്തത് 450 ഓളം മനുഷ്യ ജീവനുകളാണ്. തായ്‌ലൻഡിലാകട്ടെ മുന്നൂറോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറിയ മഴയിൽ തുടങ്ങി മഹാദുരന്തമായി മാറുകയായിരുന്നു സെൻയാർ. നിമിഷ നേരത്തിൽ പേമാരി പെയ്തിറങ്ങിയതോടെ അപ്രതീക്ഷിത ദുരന്തമായി അത് മാറി. രണ്ട് രാജ്യങ്ങളിലുമായി ആയിരക്കണക്കിന് മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് ദുരന്തത്തിന്‍റെ തീവ്രതയേറ്റുമോയെന്ന ആശങ്ക ഉയർത്തുകയാണ്.

കേരളത്തിൽ മഴ ശക്തമാകുന്നു

ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന്‌ മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ, തീരുവ 75 ശതമാനമായി ഉയരാൻ സാധ്യത, ഇറാനുമായി ഇന്ത്യക്കും വാണിജ്യ ബന്ധം
സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്