
ദില്ലി: പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് യുഎഇയും സൗദി അറേബ്യയും നിർത്തി. പാകിസ്ഥാൻ പാസ്‌പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതും ഇരു രാജ്യങ്ങളും ആലോചിച്ചതായാണ് പാക് മാധ്യമ സ്ഥാപനമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ ആഭ്യന്തര കാര്യ സെക്രട്ടറി സൽമാൻ ചൗധരിയെ ഉദ്ധരിച്ചാണ് വാർത്ത. പാസ്പോർട്ടിന് നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ഇരു രാജ്യങ്ങളും പിന്മാറിയതായും സൽമാൻ ചൗധരി പറയുന്നു.
പാകിസ്ഥാനിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമേ ഇരു രാജ്യങ്ങളും ഇപ്പോൾ വിസ നൽകുന്നുള്ളൂ. സാധാരണ പാക് പൗരന്മാർക്ക് വിസ നൽകുന്നില്ല. യുഎഇയിൽ പാക് പൗരന്മാർ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് വിസ നൽകാതിരിക്കാൻ കാരണമായി പറയുന്നത്. വളരെയധികം സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ കുറച്ച് പാക് പൗരന്മാർക്കെങ്കിലും വിസ ലഭ്യമാക്കാൻ സാധിച്ചതെന്ന് പാകിസ്ഥാനിലെ സെനറ്റ് ഫങ്ഷണൽ കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സ് ചെയർപേഴ്‌സൺ സമിന മുംതാസ് സെഹ്രി പറയുന്നു.
പാകിസ്ഥാനും യുഎഇയും നല്ല സൗഹൃദത്തിൽ കഴിയുന്ന രാജ്യങ്ങളാണ്. പാകിസ്ഥാനിൽ നിന്ന് വർഷം തോറും നിരവധിയാളുകൾ യുഎഇയിൽ എത്താറുമുണ്ട്. എന്നാൽ യുഎഇയിൽ നിയമപരമായ ജോലികളിൽ ഏർപ്പെടുന്നതിന് പകരം ഭിക്ഷയാചിക്കുകയാണ് ഇവർ പ്രധാനമായും ചെയ്യുന്നത്. അതേസമയം പാകിസ്ഥാനിൽ നിന്നുള്ള പൗരന്മാർക്ക് വർക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചിട്ടില്ലെന്നും സന്ദർശക വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് യുഎഇയെന്നും പാകിസ്ഥാൻ ഏജൻസികൾ പറയുന്നു.