
ദില്ലി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദില്ലിയിൽ വെച്ചാണ് റീം അൽ ഹാഷിമി എസ് ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. റീം അൽ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഡോ. എസ് ജയ്ശങ്കർ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മിസൈൽ ആക്രമണങ്ങൾ പ്രാദേശിക സുസ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ആശങ്ക രേഖപ്പെടുത്തി. ലോകത്തിലെ പ്രധാന ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വ്യക്തമാക്കി. രാജ്യാന്തര വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനായി നാവിക സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.
യുഎഇക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് റീം അൽ ഹാഷിമി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി. 136 രാജ്യങ്ങൾ പിന്തുണച്ച യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം (2817) ചൂണ്ടിക്കാട്ടിയ മന്ത്രി, നാശനഷ്ടങ്ങൾക്ക് ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്ന് പറഞ്ഞു. സിവിൽ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നത് രാജ്യാന്തര സമൂഹം വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ പാസാക്കിയ പ്രമേയത്തെയും അവർ പരാമർശിച്ചു. സംഘടനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ പിന്തുണച്ച പ്രമേയമാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam