
അബുദാബി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്രംപിനെ സ്വീകരിച്ചു. യുഎഇയുടെ ഫൈറ്റർ ജെറ്റുകൾ രാജ്യത്തിന്റെ അതിർത്തിയിലെത്തി അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിന് അകമ്പടി നൽകി. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖസ്ർ അൽ വത്വനും ട്രംപ് സന്ദർശിച്ചു.
ആർട്ടിഫിഷ്യൽ ഇനറലിജൻസ് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ കരാറുകൾക്ക് സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖയിലെ നിക്ഷേപവും വ്യാപാരവും പ്രതിരോധ സഹകരണവും ഉൾപ്പെടെ ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയും ഖത്തറും സന്ദർശിച്ച ശേഷമാണ് ട്രംപ് അബുദാബിയിൽ എത്തിയത്. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി, ട്രംപ് വെള്ളിയാഴ്ച ഉച്ചയോടെ തിരിച്ചുപോകും.
യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. 2008ൽ ജോർജ്ജ് ഡബ്ല്യു ബുഷ് ആണ് ഇതിന് മുമ്പ് യുഎഇ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്. ട്രംപിന്റെ സന്ദർശനത്തോടെ മേഖലയിൽ നിന്ന് അമേരിക്കയ്ക്ക് 4 ട്രില്യൻ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാവുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. അമേരിക്കയും യുഎഇയും തമ്മിൽ 200 ബില്യൻ ഡോളറിന്റെ കരാറുകളിലാണ് പുതിയതായി ഏർപ്പെടുന്നത്. നേരത്തെ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുള്ള 1.4 ട്രില്യൻ ഡോളറിന്റെ കരാർ അനുസരിച്ചുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുറമെയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം