500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ

Published : May 16, 2026, 01:00 PM IST
modis uae visit

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല യുഎഇ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തി. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിർണായക കരാറുകളിൽ ഒപ്പുവെച്ച ഈ സന്ദർശനം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ഞൂറു കോടി ഡോളറിൻ്റെ നിക്ഷേപത്തിനും വഴിയൊരുക്കി.  

അബുദാബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങളുടെ രണ്ടാമത്തെ വീടായ യുഎഇയിലേക്ക് സ്വാഗതം…കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ സ്വാഗതം ചെയ്തത് ഇങ്ങനെയാണ്. യുഎഇ തന്‍റെ രണ്ടാം വീടാണെന്ന് മോദിയും പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ എന്‍റെ പ്രിയപ്പെട്ട സഹോദരൻ എന്നാണ് മോദി അഭിസംബോധന ചെയ്തത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സൗഹൃദം ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു മോദിയുടെ എട്ടാമത് യുഎഇ സന്ദർശനം. പ്രതിസന്ധി ഘട്ടങ്ങളിലും യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു. മോദിയുടെ കഴിഞ്ഞ ദിവസത്തെ യുഎഇ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്.

വൻ വരവേൽപ്പാണ് യുഎഇ മോദിക്കായി ഒരുക്കിയത്. യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രിയുടെ 'എയർ ഇന്ത്യ വൺ'വിമാനത്തിന് അകമ്പടിയായി യുഎഇയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങൾ പറന്നു. മോദിയുടെ വിമാനത്തിന് യുഎഇയുടെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ച സന്ദര്‍ശനം.

അബുദാബിയിലെത്തിയ മോദി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവിടെ ചെലവഴിച്ചത്. എങ്കിലും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മോദി മടങ്ങുമ്പോള്‍ നിരവധി നി‍ർണായക കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഒപ്പുവെച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘ‍ർഷം തുടരുന്പോൾ ഊർജ, സാങ്കേതിക മേഖലകളിൽ മികച്ച സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും കൈകോർക്കുകയാണ്. ഇന്ത്യയിലെ പെട്രോളിയം കരുതൽ ശേഖരം ഉയർത്താൻ യുഎഇയുടെ അഡ്നോക്കുമായി കരാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായി. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനുള്ള യുഎഇയുടെയും മേഖലയുടെയും ശ്രമങ്ങൾക്ക് തോളോട് തോൾ ചേർന്ന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് മോദി പറഞ്ഞു.

ഊർജ്ജ സുരക്ഷയിൽ ഇന്ത്യയ്ക്കും പ്രതിരോധ മേഖലയിൽ യുഎഇക്കും കരുത്ത് പകരുന്നതാണ് പ്രഖ്യാപനങ്ങൾ. ഒപെക് വിട്ട ശേഷമുള്ള യുഎഇയുടെ എണ്ണ കയറ്റുമതിയിൽ പ്രധാന സ്ഥാനം ഇന്ത്യയുടേതാകുമെന്നുറപ്പ്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കരുതൽ പെട്രോളിയം റിസർവ്വ് ഉയർത്തും. ഇതിന് പെട്രോളിയം റിസർവ്വ് ലിമിറ്റഡും യുഎഇയുടെ അഡ്നോക്കും തമ്മിൽ സഹകരണത്തിന് ധാരണയായി. ഇന്ത്യയിലെ എൽപിജി, എൽ.എൻ.ജി സംഭരണം ഉയർത്തും. ദീർഘകാല എൽപിജി വിതരണത്തിന് തന്ത്രപ്രധാന സഹകരണം. മേഖലയിലെ യുദ്ധസാഹചര്യത്തിൽ പ്രതിരോധ മേഖലയിലും വമ്പൻ പ്രഖ്യാപനം. വ്യവസായങ്ങൾ തമ്മിൽ സഹകരിക്കും. കണ്ടെത്തലുകളും സാങ്കേതിക വിദ്യയും കൈമാറും. 

അഞ്ഞൂറു കോടി ഡോളറാണ് യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കുക. എമിറേറ്സ് എൻബിഡി ബാങ്ക്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുത്ത സമ്മാൻ കാപിറ്റൽ എന്നിവ വഴിയാണ് ഇന്ത്യയിലേക്കുള്ള അഞ്ഞൂറു കോടി ഡോളർ നിക്ഷേപിക്കുക. ഗുജറാത്തിലെ വടിനാറിൽ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ദീർഘകാലടിസ്ഥാനത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നത് യുഎഇ ആയിരിക്കുമെന്ന് ഉറപ്പായി. യുഎഇയുടെ പ്രതിരോധ മേഖലയുടെ കരുത്ത് കൂട്ടുന്നതിൽ ഇന്ത്യയും സുപ്രധാന സ്ഥാനം വഹിക്കും.

പുതിയ കരാറുകളുടെ ഭാഗമായി യുഎഇ, ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയമാണ്. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്. യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്‍റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസിനെ ആശ്രയിക്കേണ്ടതില്ല, ഇന്ത്യക്ക് വൻ നേട്ടമാകും, ഊർജ്ജ ലഭ്യതയിൽ നിർണായകമാവുന്ന നീക്കം, ഫുജൈറ വഴി എണ്ണയൊഴുകും
ഹോർമുസ് പ്രതിസന്ധിയൊഴിവാക്കാൻ യുഎഇയുടെ ബദൽ, ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ പുതിയ പൈപ്പ്‌ലൈൻ നിർമാണം