
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. യഹൂദ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെഈ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. തീവ്രവാദികളായ കുടിയേറ്റക്കാര്‍ അക്രമങ്ങളില്‍ ഉത്തരവാദികളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അഞ്ച് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ക്ക് ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നുള്ള വിലക്ക് എന്നിവ ഇവര്‍ക്ക് നേരിടേണ്ടിവരും. കുടിയേറ്റക്കാരുടെ കൃഷയിടങ്ങള്‍ക്കും ഔട്ട്പോസ്റ്റുകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയ ഒരു അസോസിയേഷനും, ഫലസ്തീന്‍ ഭൂമിയും സ്വത്തുക്കളും നശിപ്പിക്കാന്‍ സഹായം നല്‍കിയ ഒരു നിര്‍മ്മാണ കമ്പനിയും ഇതിലുള്‍പ്പെടുന്നതായി യുകെ വിദേശകാര്യ മന്ത്രാലായം അറിയിച്ചു.
തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേലി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിന് ഫ്രാന്‍സ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. കുടിയേറ്റക്കാരുടെ നാല് നേതാക്കളെയും 21 അക്രമകാരികളായ കുടിയേറ്റക്കാരെയും വിലക്കിയിട്ടുണ്ടെന്നും ഫ്രാന്‍സ് വ്യക്തമാക്കി. അക്രമങ്ങള്‍ നടത്തുന്ന 20 കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് വിലക്കുന്നതായി നോര്‍വേ അറിയിച്ചു, ഓസ്ട്രേലിയ കഴിഞ്ഞ ആഴ്ച ന്യൂസിലാന്‍ഡിനൊപ്പം ഇസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരെ സംയുക്ത ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീനികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യുകെ, ഓസ്ട്രേലിയ, കാനഡ, നോര്‍വേ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ജൂണില്‍ ഇസ്രായേലി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിനും തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വീറിനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഈ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും 'അപമാനകരമാണെന്നും ഇസ്രായേല്‍ വിശേഷിപ്പിച്ചു.
1967-ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും പിടിച്ചടക്കിയ ഇസ്രായേല്‍ അവിടെ 7,00,000 യഹൂദന്മാര്‍ താമസിക്കുന്ന 160 കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്ക് അവകാശപ്പെടുന്ന ഭൂമിയാണിത്. ഏകദേശം 33 ലക്ഷം ഫലസ്തീനികളാണ് അവിടെ താമസിക്കുന്നത്. ഗാസ യുദ്ധത്തിന് ശേഷം, വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കു നേരെ കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
2025-ല്‍ വെസ്റ്റ് ബാങ്കിലെ 280 പ്രദേശങ്ങളിലായി ഫലസ്തീനികള്‍ക്കെതിരെ കുടിയേറ്റക്കാര്‍ 1,835 ആക്രമണങ്ങള്‍ നടത്തിയതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഈ ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 832 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 130% വര്‍ദ്ധനവാണ് ഇത്. 2022-ല്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ നൂറിലധികം പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആക്രമണം നടത്തുന്ന കുടിയേറ്റക്കാര്‍ രക്ഷപ്പെടുന്ന അവസ്ഥയാണെന്ന് ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍, കനേഡിയന്‍, ഫ്രഞ്ച്, നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ ഔട്ട്പോസ്റ്റുകളുടെ നിര്‍മ്മാണവും തുടരുകയാണ്. ചില സന്ദര്‍ഭങ്ങളില്‍, ഇസ്രായേല്‍ െൈസന്യത്തിന്റെ സംരക്ഷണയിലാണ് കുടിയേറ്റക്കാര്‍ അക്രമങ്ങള്‍ നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ഈ രാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുതിയ ഉപരോധങ്ങളെ അപലപിച്ചു. ഇസ്രായേല്‍ വിരുദ്ധ നയങ്ങള്‍ക്കുപിന്നില്‍ യഹൂദവിരുദ്ധതയാണെന്നും ഇസ്രായേല്‍ ആരോപിച്ചു.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേല്‍ അധിനിവേശ ശക്തികളുടെ നടപടികള്‍ തള്ളിക്കളയുന്ന യുകെയുടെയും സഖ്യകക്ഷികളുടെയും സംയുക്ത പ്രസ്താവനയെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam