
ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗം റൂപർട്ട് ലോവ്. യുകെയിലെ വിവാദമായ 'ഗ്രൂമിംഗ് ഗ്യാങ്' പീഡനങ്ങൾക്ക് ഇരയായവരുടെ മൊഴികൾ ലോവ് സഭയിൽ വായിച്ചു. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ വംശവും മതവും അവർ നേരിട്ട അതിക്രമങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ലോവ് പുറത്തുവിട്ടത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാകിസ്ഥാൻ വംശജരാണെന്നും, മതപരമായ മുൻവിധികളോടെയാണ് ഇവർ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും എംപി ആരോപിക്കുന്നു. പ്രതികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് റൂപർട്ട് ലോവ് പാർലമെന്‍റിൽ അറിയിച്ചു.
കുറ്റവാളികളുടെ ഒരു 'ടാർഗെറ്റ് ലിസ്റ്റ്' തയ്യാറാക്കിയിട്ടുണ്ടെന്നും അത് നീണ്ടു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിലെ നിയമനടപടികളെ ബാധിക്കാത്ത രീതിയിൽ, നിയമവിദഗ്ദ്ധരുടെ സഹായത്തോടെ പാർലമെന്ററി പദവി ഉപയോഗിച്ച് കുറ്റവാളികളുടെയും അവർക്ക് ഒത്താശ ചെയ്തവരുടെയും പേരുകൾ പുറത്ത് വിടും. കുറ്റവാളികളെ ജയിലിലടയ്ക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പശ്ചാത്തലമുള്ള കുറ്റവാളികളെ യുകെയിൽ നിന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ഈ കുറ്റവാളികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും, നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമില്ലാത്തതിനാൽ താൻ നേരിട്ട് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരകളുടെ സാക്ഷ്യപത്രങ്ങൾ സഭയിൽ വായിച്ച അദ്ദേഹം, കുറ്റവാളികളെ പരസ്യമായി വെളിപ്പെടുത്താൻ തന്റെ പദവി ഉപയോഗിക്കുമെന്നും അറിയിച്ചു. 'വെളുത്ത വർഗ്ഗക്കാരായ, ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ധാർമ്മിക മൂല്യങ്ങൾ കുറവാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അവർ നിരന്തരം നടത്തുമായിരുന്നു. അതേസമയം മുസ്ലിം പെൺകുട്ടികൾക്ക് ഉയർന്ന അന്തസ്സും ധാർമ്മിക നിലവാരവുമുണ്ടെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നെ പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനും, എന്നെ കൂടുതൽ അപമാനിക്കാനും നിയന്ത്രിക്കാനും വേണ്ടിയാണ് അവർ ഇങ്ങനെയുള്ള താരതമ്യങ്ങൾ ഉപയോഗിച്ചത്'- ഇരകളിൽ ഒരാളായ പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
പാകിസ്ഥാനി മുസ്ലിം പുരുഷന്മാരുടെ സംഘങ്ങൾ വെള്ളക്കാരായ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നത് തികഞ്ഞ തിന്മയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകണമെന്നും എംപി റൂപർട്ട് ലോവ് സഭയിൽ ആവശ്യപ്പെട്ടു. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പീഡന സംഘങ്ങളുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് റൂപർട്ട് ലോ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രസംഗങ്ങളേക്കാൾ ഇനി ശക്തമായ പ്രവൃത്തിയാണ് ആവശ്യമെന്നും, ഇരകൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam