ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്; പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കും

By Web TeamFirst Published Jul 7, 2022, 2:21 PM IST
Highlights

തല്‍ക്കാലം ഒക്ടോബര്‍ വരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തില്‍ തുടരും. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. തല്‍ക്കാലം ഒക്ടോബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരും. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു.

ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാർ പറഞ്ഞത്. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 

click me!