
ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിലെ (Ukraine) സുമിയിൽ (Sumy) കുടുങ്ങിയ വിദ്യാർത്ഥികളെ പോളണ്ടിലേക്ക് ട്രെയിൻ മാർഗ്ഗം എത്തിക്കാൻ ശ്രമം. ലിവീവിൽ എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് ഉദ്യോദഗസ്ഥർ അറിയിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഉക്രേനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ഇന്ന് പടിഞ്ഞാറൻ നഗരമായ ലവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തിക്കും. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.
സുമിയിൽ നിന്ന് മധ്യ യുക്രൈൻ നഗരമായ പോൾട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റർ. സാധാരണ മൂന്നര മണിക്കൂറിൽ തീരുന്ന യാത്ര. എന്നാൽ യുദ്ധഭൂമിയിലൂടെയുള്ള സങ്കീർണ്ണ രക്ഷാ ദൗത്യത്തിൽ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാർത്ഥികളെ പോൾട്ടോവയിൽ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗർഭ അറകളിലും കഴിഞ്ഞ വിദ്യാർഥികൾ പലരും നന്നേ ക്ഷീണിതർ ആയിരുന്നു. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചർച്ചകൾക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തിൽ പലതവണ ആശങ്കകൾ ഉയർന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയിൽ നിന്ന് രക്ഷപ്പെട്ട് പോൾട്ടോവയിൽ എത്തി. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷം ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിക്കും. ഇന്നും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് വിദ്യാർത്ഥികളുടെ തുടർ യാത്ര സുഗമമാക്കും. പ്രധാന നഗരങ്ങളിൽ എല്ലാം വെടിനിർത്തുമെന്നും മാനുഷിക ഇടനാഴികളിൽ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യൻ സൈനിക വക്താവ് അറിയിച്ചു. പോളണ്ടിൽ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ വിമാനങ്ങൾ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമി രക്ഷാദൗത്യം കൂടി വിജയിച്ചതോടെ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തി.
രക്ഷാദൗത്യത്തിൻ്റെ വിശദവിവരങ്ങളുമായി യുക്രെയ്ൻ - പോളണ്ട് അതിർത്തിയിൽ നിന്നും പ്രശാന്ത് രഘുവംശം
സുമിയിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ സഹായകമായത് പ്രധാനമന്ത്രിയുടെ രണ്ട് ഫോൺ കോളുകൾ
സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പാലായനം ചെയ്യാനുള്ള വഴിയൊരുങ്ങിയതിൽ രണ്ട് ഫോൺകോളുകൾക്കുള്ള പങ്ക് ചെറുതല്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഉക്രേനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
സുമിയിൽ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും അവർക്ക് സുരക്ഷിതമായ പാത ഒjരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നുപോയെന്നും സ്വന്തമായി നഗരം വിട്ടുപോകാൻ തുടങ്ങുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
“ഇത് സങ്കീർണ്ണവും അപകടകരവുമായ സാഹചര്യമായിരുന്നു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധി ഉയർന്ന തലത്തിലേക്ക് എത്തിിരുന്നതായി ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായും ഉക്രേനിയൻ പ്രസിഡന്റുമായും സംസാരിച്ചു, ഇരു നേതാക്കളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് നൽകി.“രണ്ട് കോളുകളിലും നേതാക്കൾ ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രിയോട് അറിയിക്കുകയും ചെയ്തു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കോളുകൾക്ക് ശേഷം, വിദ്യാർത്ഥികൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാൻ മോസ്കോയിലെയും കെയ്വിലെയും ഉദ്യോഗസ്ഥർക്ക് ഒ നിർദ്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച, സുമിയിലെ ഒരു പോയിന്റിൽ നിന്ന് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റി സെൻട്രൽ യുക്രൈനിലെ പോൾട്ടാവയിലേക്ക് കൊണ്ടുപോയി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയിലെയും യുക്രൈനിലെയും അയൽരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള സഹായത്തിനായി ജനീവയിലും യുക്രൈനിലും ഇന്ത്യ റെഡ് ക്രോസുമായി ബന്ധപ്പെട്ടു. ഉക്രേനിയൻ ഡ്രൈവർമാർ റഷ്യൻ ഭാഗത്തേക്ക് വാഹനമോടിക്കാൻ തയ്യാറാകാത്തതിനാൽ യുദ്ധബാധിത മേഖലയിൽ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.