'യുദ്ധക്കളത്തിലെ ധീരമുഖം'; യുക്രൈൻ ആഭ്യന്തരമന്ത്രിയടക്കം 18 പേർ ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു, കുട്ടികളും

By Web TeamFirst Published Jan 18, 2023, 5:07 PM IST
Highlights

ഹെലികോപ്റ്റർ വീണത് കിന്‍റർ ഗാർഡൻ അടക്കം പ്രവർത്തിക്കുന്ന ജനവാസ പ്രദേശത്ത് ആയതിനാൽ അവിടെ ഉണ്ടായിരുന്ന കുട്ടികൾ അടക്കം അപകടത്തിൽപ്പെട്ടു

കീവ്: യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

ഒരു വർഷത്തോട് അടുക്കുന്ന റഷ്യയുടെ യുക്രൈൻ ആക്രമണത്തിൽ ഇത്രയധികം ഉന്നതർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, സഹമന്ത്രി യഹീൻ യെനിൻ, ആഭ്യന്തര സെക്രട്ടറി യൂരി ലുബ്‌കോവിച് എന്നിവരാണ് ഹെലികോപ്റ്റർ തകർന്നു മരിച്ച വി ഐ പികൾ. ഹെലികോപ്റ്റർ വീണത് കിന്‍റർ ഗാർഡൻ അടക്കം പ്രവർത്തിക്കുന്ന ജനവാസ പ്രദേശത്ത് ആയതിനാൽ അവിടെ ഉണ്ടായിരുന്ന കുട്ടികൾ അടക്കം അപകടത്തിൽപ്പെട്ടു. കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഹെലികോപ്റ്റർ പൊടുന്നനെ താഴ്ന്ന് കിന്‍റർ ഗാർഡൻ കെട്ടിടത്തിന്‍റെ മുകൾ ഭാഗത് ഇടിച്ച ശേഷം തകർന്നുവീണു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

നമ്മൾ കഠിനാധ്വാനം ചെയ്യുന്നു, വാർത്തകളിലാകെ ചിലരുടെ 'സിനിമ ബഹിഷ്കരണം', അത് വേണ്ട; കടുപ്പിച്ച് പ്രധാനമന്ത്രി

യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കാൻ പോവുകയായിരുന്നു ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത സംഘം. മരിച്ച ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി യുദ്ധമുഖത്ത് യുക്രൈന്‍റെ ഏറ്റവും ധീരമായ മുഖങ്ങളിൽ ഒന്നായിരുന്നു. സെലൻസ്കി മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ അദ്ദേഹം ഒരു ഘട്ടത്തിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം യുക്രൈനിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കിഴക്കൻ യുക്രെയ്നിലെ ഡിനിപ്രോയിൽ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി എന്നതാണ്. എഴുപതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു എന്നും വ്യക്തമായിട്ടുണ്ട്. ഡിനിപ്രോയിലെ പാർപ്പിട സമുച്ചയത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം റഷ്യ മിസൈൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് വിവരം. മിസൈൽ ആക്രമണത്തിലൂടെ റഷ്യ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നുവെന്ന് യുക്രൈൻ ആരോപിച്ചു. സോളിദേർ നഗരത്തിൽ തങ്ങളുടെ സൈനികർ ശക്തമായ ചെറുത്തുനിൽപ്പ് തുടരുകയാണെന്നും യുക്രൈൻ അവകാശപ്പെട്ടു. സോളിദേർ പിടിച്ചെടുത്തതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് യുക്രൈൻ ചെറുത്തുനിൽപ്പ് തുടരുന്നു എന്ന് വ്യക്തമാക്കിയത്.

click me!