റഷ്യയെ നടുക്കി യുക്രൈന്‍ ഡ്രോണുകള്‍; ചീറിയെത്തിയത് 500-ലേറെ ഡ്രോണുകള്‍, എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു

Published : Jun 18, 2026, 02:10 PM IST
Ukraine Drones

Synopsis

സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

മോസ്‌കോ: റഷ്യയെ നടുക്കി യുക്രൈന്‍ നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു. മോസ്‌കോയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയ്ക്ക് നേരെ യുക്രൈന്‍ നടത്തിയ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. മോസ്‌കോയ്ക്കു പുറമേ റഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യുക്രൈന്‍ ആക്രമണം നടത്തി. റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വന്ന 555 ഡ്രോണുകള്‍ തടഞ്ഞുനശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തെക്കുകിഴക്കന്‍ ജില്ലയായ കപോത്‌ന്യയിലെ മോസ്‌കോ ഓയില്‍ റിഫൈനറിയെയാണ് യുക്രൈന്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ ആക്രമണം നടന്നിരുന്നു. റിഫൈനറിയില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെയും, സ്‌ഫോടനത്തില്‍ ഇന്ധന ടാങ്കിന്റെ മുകള്‍ഭാഗം തകരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ മാളായ സാധോവോഡ് ട്രേഡ് സെന്ററിന് സമീപവും വന്‍തോതില്‍ പുക ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. തകര്‍ന്നുവീണ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ജനവാസ മേഖലകളിലെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

യുദ്ധം അവസാനിപ്പിക്കാനായി റഷ്യയെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്നതിന് യുക്രൈന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് പുതിയ ആക്രമണം. സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനായി, റഷ്യയുടെ ഊര്‍ജ്ജ നിലയങ്ങളെ തകര്‍ക്കുക എന്ന തന്ത്രമാണ് യുക്രൈന്‍ കുറച്ചുകാലമായി സ്വീകരിക്കുന്നത്. നാറ്റോ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബ്രസ്സല്‍സിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആക്രമണത്തെ ന്യായീകരിച്ചു. തങ്ങളുടെ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള ന്യായമായ മറുപടിയാണിതെന്ന് സെലന്‍സ്‌കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

റഷ്യന്‍ വരുമാനത്തിന്റെ മൂന്നിലൊന്നും എണ്ണവില്‍പനയില്‍ നിന്നാണ്. അതിനാല്‍, എണ്ണശുദ്ധീകരണ ശാലകള്‍ തകര്‍ത്ത് റഷ്യയുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനാണ് യുക്രൈന്‍ ശ്രമം. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. റഷ്യ യുക്രൈനിനു നേര്‍ക്ക് ഏഴ് മിസൈലുകളും 239 ഡ്രോണുകളും പ്രയോഗിച്ചു. കൈവ്, പൊള്‍ട്ടാവ മേഖലകളിലെ വീടുകള്‍ക്കും എണ്ണനിലയങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി യുക്രൈന്‍ വ്യോമസേന സ്ഥിരീകരിച്ചു.

അതിനിടെ, യുക്രൈന്‍ യുദ്ധം അടക്കം ചര്‍ച്ച ചെയ്യുന്നതിന് ബ്രസ്സല്‍സില്‍ നാറ്റോ പ്രതിരോധ മന്ത്രിമാരുടെ നിര്‍ണായക യോഗം നടക്കുകയാണ്. യുക്രൈന് ആയുധങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ വ്യക്തമാക്കി. നിലവില്‍ റഷ്യയ്ക്ക് പ്രതിമാസം 30,000 നും 35,000 നും ഇടയില്‍ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, യൂറോപ്പില്‍ വിന്യസിപ്പിച്ച തങ്ങളുടെ സൈന്യത്തെ കുറയ്ക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു്വെന്ന റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിന്റെ സുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്ന അമേരിക്ക പിന്‍വാങ്ങിയാല്‍ അത് പ്രതിസന്ധിയാകും. എങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ ഈ കുറവ് നികത്താന്‍ സജ്ജമാണെന്ന് മാര്‍ക്ക് റുട്ടെ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നാറ്റോ സഖ്യകക്ഷികള്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത സെലന്‍സ്‌കി, സമാധാന കരാറിലെത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടുവെന്ന് സൂചിപ്പിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ഇന്ത്യാക്കാരനായ 18-കാരന് ദാരുണാന്ത്യം; മരണം കുതിരവണ്ടി അപകടത്തിൽ
ഇന്ത്യക്ക് പുതിയ തലവേദന: അത്യാധുനിക മുങ്ങിക്കപ്പലുമായി പാകിസ്ഥാൻ ബംഗാൾ ഉൾക്കടലിലേക്ക്; ഹംഗോർ ക്ലാസ് അന്തർവാഹിനി കറാച്ചിയിലെത്തി