വധശ്രമമോ; പ്രസിഡന്‍റിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; സെലെന്‍സ്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി യുക്രൈന്‍

Published : Sep 15, 2022, 12:35 PM ISTUpdated : Sep 15, 2022, 12:40 PM IST
വധശ്രമമോ; പ്രസിഡന്‍റിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; സെലെന്‍സ്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി യുക്രൈന്‍

Synopsis

പ്രസിഡന്‍റിന്‍റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുതിയൊരു വഴിത്തിരിവിലെത്തി നില്‍ക്കേ, യുക്രൈന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി തലസ്ഥാനമായ കീവില്‍ വച്ചുണ്ടായ അപകടത്തില്‍പ്പെട്ടു. റഷ്യയുടെ കൈയില്‍ നിന്നും തിരിച്ച് പിടിച്ച ഇസിയം നഗരം സന്ദര്‍ശിച്ച് മടങ്ങവേ തലസ്ഥാനമായ കീവില്‍ വച്ച് ഒരു വാഹനം അദ്ദേഹം സഞ്ചരിച്ച കാറില്‍ അമിതവേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു.  അപകടത്തില്‍ നിന്നും വോളോഡിമര്‍ സെലെന്‍സ്കി അത്ഭുതകരമായി രക്ഷപ്പെട്ടു. 

പ്രസിഡന്‍റിനോടൊപ്പം സഞ്ചരിച്ചിരുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചെന്നും അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ലെന്നും സെലൻസ്‌കിയുടെ വക്താവ് സെർജി നിക്കിഫോറോവ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, പ്രസിഡന്‍റിന്‍റെ വാഹനം ഓടിച്ചിരുന്ന ഡ്രൈവരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച യുക്രൈന്‍ അധിനിവേശം ഏഴാം മാസത്തിലേക്ക് കടക്കവേ റഷ്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. ആദ്യഘട്ടങ്ങളില്‍ റഷ്യയ്ക്കുണ്ടായിരുന്ന മേല്‍ക്കൈ ഇപ്പോള്‍ യുദ്ധമുഖത്തില്ലെന്നും യുക്രൈന്‍റെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ റഷ്യന്‍ പട്ടാളം പിന്തിരിഞ്ഞ് ഓടുകയാണെന്നും കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. 

റഷ്യ കീഴടക്കിയിരുന്ന ഏതാണ്ട് 8000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ച് പിടിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. യുക്രൈന്‍റെ കിഴക്കന്‍ നഗരമായി ഇസിയം കഴിഞ്ഞ ദിവസമാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും യുക്രൈന്‍ തിരിച്ച് പിടിച്ചത്. ഇസിയത്തിന്‍റെ വിജയം ആഘോഷിച്ച് സൈനികരെ സന്ദര്‍ശിച്ച് മടങ്ങവേ, തലസ്ഥാനമായ കീവില്‍ വച്ചാണ് പ്രസിഡന്‍റിന്‍റെ വാഹവ്യൂഹത്തിന് നേര്‍ക്ക് ഒരു കാര്‍ അമിതവേഗതയില്‍ വന്ന് ഇടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ യുക്രൈന്‍ സൈന്യം റഷ്യന്‍ വിമതര്‍ക്ക് മേല്‍ക്കൈയുള്ള ഡോണ്‍ബാസിന് സമീപത്ത് പോരാട്ടത്തിലാണ്. 

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന് നേരെ രണ്ട് മാസം മുമ്പ് വധശ്രമമുണ്ടായിരുന്നെന്നും എന്നാല്‍ ഇത് പരാജയപ്പെട്ടെന്നും യുക്രൈന്‍റെ ഉന്നത സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ കൈറിലോ ബുഡനോവ് വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് സെലെന്‍സ്കിക്കെതിരെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. അപകടം കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.  

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു