Ukraine Crisis : ഒറ്റപ്പെട്ട് യുക്രൈൻ, റഷ്യയ്ക്ക് എതിരെ നാറ്റോ സംയുക്ത സൈനികനീക്കമില്ല

Published : Feb 24, 2022, 05:23 PM IST
Ukraine Crisis : ഒറ്റപ്പെട്ട് യുക്രൈൻ, റഷ്യയ്ക്ക് എതിരെ നാറ്റോ സംയുക്ത സൈനികനീക്കമില്ല

Synopsis

നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല. 

കീവ്: റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈൻ. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോർത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) തീരുമാനം. നാറ്റോയുടെ അംഗരാജ്യങ്ങളിൽ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നൽകിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയിൽ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു. 

ഒരു മഹാമാരി ലോകത്തെ കീഴടക്കിയ കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധർ നിരീക്ഷിക്കുന്നു. 

അതേസമയം, ബെലാറസ് വളരെ നിർണായകമായ ഒരു പ്രഖ്യാപനവും നടത്തുന്നു. നേരത്തേ യുദ്ധത്തിൽ പങ്കുചേരാൻ ഇല്ലെന്ന് പ്രഖ്യാപിച്ച ബെലാറസ് ആവശ്യമെങ്കിൽ യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരും എന്ന് പ്രഖ്യാപിക്കുന്നു. രാവിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ സൈന്യത്തോടൊപ്പം ബെലാറഷ്യൻ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ആ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ബെലാറസ് ഇപ്പോൾ. 

ഏതെങ്കിലും തരത്തിൽ റഷ്യ യുക്രൈനെ ആക്രമിച്ചാൽ അത് യുക്രൈൻ- റഷ്യ യുദ്ധമാകില്ല, പകരം റഷ്യ- യൂറോപ്യൻ യൂണിയൻ യുദ്ധമാകും എന്ന് മുന്നറിയിപ്പ് നൽകിയ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ഇപ്പോൾ സ്തബ്ധനാണ്. നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നൽകുമെന്ന് പറയുന്നത് പോലുമില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ റഷ്യൻ യുദ്ധം അപലപനീയം പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്. 

പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങൾ സംയുക്തമായി യോഗത്തിന് ശേഷം പുറത്തുവിട്ടത്. റഷ്യ യുക്രൈന് മേൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറയുന്ന നാറ്റോ, ആക്രമണം തീർത്തും സാധൂകരിക്കാനാവാത്തതാണെന്ന് പറയുന്നു. കൊല്ലപ്പെട്ട, പരിക്കേറ്റ എല്ലാവർക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും, ആക്രമണത്തിന് സഹായം നൽകുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ പറയുന്നു.

യുഎൻ ചാർട്ടർ ഉൾപ്പടെയുള്ള അന്താരാഷ്ട്രനിയമങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. സ്വതന്ത്രരാജ്യത്തിനെതിരെ നടത്തിയ ഏകപക്ഷീയമായ ആക്രമണം, അപലപനീയം - എന്ന് നാറ്റോ പറയുന്നു. യുക്രൈൻ ജനതയോടൊപ്പം നിൽക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തിനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനൊപ്പം നിൽക്കുന്നു. 

യുക്രൈനിൽ നിന്ന് പിൻമാറണമെന്നൊക്കെ പ്രസ്താവനയായി മാത്രം നാറ്റോ പറയുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും റഷ്യയ്ക്ക് ഇതിന് വലിയ വില നൽകേണ്ടി വരും എന്ന് മാത്രം നാറ്റോ പറയുന്നു. ഉപരോധങ്ങൾ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നർത്ഥം. 

ഇനിയുള്ള ഖണ്ഡികകളിലാണ്, സ്വന്തം മുന്നണിയിലെ രാജ്യങ്ങളെ മാത്രം സംരക്ഷിക്കുമെന്ന് നാറ്റോ വ്യക്തമാക്കുന്നത്. നാറ്റോ മുന്നണിയിലെ രാജ്യങ്ങളുടെ അതിർത്തിയിൽ സൈനികവിന്യാസം കൂട്ടും. സമുദ്രാതിർത്തികളിൽ സൈനികവിന്യാസവും പടക്കോപ്പുകളുടെ വിന്യാസവും ശക്തമാക്കും. അടിയന്തരസാഹചര്യങ്ങൾക്കെല്ലാം തയ്യാറായി നിൽക്കാൻ എല്ലാ സൈന്യങ്ങൾക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഞങ്ങൾ എന്നാൽ നിലവിലെ അവസ്ഥ കൂടുതൽ വഷളാക്കാനില്ല. ഞങ്ങൾ സ്വയം പരസ്പരം സംരക്ഷിച്ച് ഒന്നിച്ച് നിൽക്കും - നാറ്റോ പ്രസ്താവന പറയുന്നു. 

തത്സമയസംപ്രേഷണം:

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ