
മോസ്കോ: അപ്രതീക്ഷിതമായി യുക്രൈനിൽ അധിനിവേശം പ്രഖ്യാപിച്ച പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ സെന്‍റ് പീറ്റേഴ്സ് ബർഗ് ചത്വരത്തിൽ വൻ പ്രതിഷേധറാലി. അർദ്ധരാത്രി ചത്വരത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നൂറ് കണക്കിന് പേരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും യുദ്ധവിരുദ്ധവികാരം റഷ്യയിലുണ്ടെന്ന് തെളിയിക്കുന്നതായി അർദ്ധരാത്രിയിലെ പ്രതിഷേധപ്രകടനം. അപ്രതീക്ഷിതമായി പുടിൻ നടത്തിയ ആക്രമണത്തിൽ ഞെട്ടൽ പ്രകടമാണ് റഷ്യയിൽ.
''നോ റ്റു വാർ'', ''പുടിൻ, യുക്രൈനെ വെറുതെ വിട്'' ''യുക്രൈൻ ഞങ്ങളുടെ ശത്രുവല്ല'' ''നാണക്കേട്'' എന്നിങ്ങനെ പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങൾ നിരന്ന പ്ലക്കാർഡുകളുമായി നിരവധിപ്പേർ ഒഴുകിയെത്തി സെന്‍റ് പീറ്റേഴ്സ് ബർഗിലേക്ക്. മാസ്കുകളിൽ അടക്കം പ്രതിഷേധമുദ്രാവാക്യങ്ങളെഴുതി പലരും. റഷ്യയെ സംരക്ഷിക്കാൻ യുക്രൈനെ ആക്രമിക്കാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ലെന്നായിരുന്നു പുടിന്‍റെ വാദമെങ്കിലും അത് മുഖവിലയ്ക്ക് എടുക്കുന്നില്ല പുടിൻ വിരുദ്ധചേരി എന്ന് വ്യക്തമാണ്.
ഏതെങ്കിലും തരത്തിൽ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് റഷ്യൻ പൊലീസ് അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് മറികടന്നും ആയിരക്കണക്കിന് പേർ പ്രതിഷേധിക്കാൻ ഒഴുകിയെത്തി.
നാറ്റോയാകട്ടെ, ''യുദ്ധമെഷീൻ ഉരുളുകയാണ്, ഞങ്ങളുടെ അതിർത്തികൾക്ക് അടുത്തേക്ക്'', എന്ന് തിരിച്ചറിയുന്നുണ്ട്. അതിനാൽത്തന്നെ ഈ രാജ്യങ്ങളിൽ യുദ്ധവിരുദ്ധപ്രക്ഷോഭം ശക്തം. കൊവിഡ് മഹാമാരിക്കാലത്ത് ഒരു യുദ്ധത്തിനുള്ള കോപ്പ് കയ്യിലില്ലെന്ന് ഭരണാധികാരികളും തിരിച്ചറിയുന്നു. റഷ്യയുടെയും യുക്രൈന്‍റെയും അതിർത്തിരാജ്യങ്ങളിലും ഞെട്ടൽ പ്രകടമാണ്.
അതേസമയം, വിവിധ ലോകരാജ്യങ്ങളിലും റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായി. ഹംഗറിയിലെ ബുഡാപെസ്റ്റിലും, പോളണ്ടിലെ വാർസോയിലും കൂറ്റൻ പ്രകടനങ്ങൾ നടന്നു. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് പ്രകടനം നടന്നത്.
ബൾഗേറിയ, റൊമാനിയ ,നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ റഷ്യൻ ഔദ്യോഗിക വാർത്താചാനലായ ആർ ടി ന്യൂസിന്‍റെ വെബ്സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. നിരവധി ഹാക്കർമാർ അടക്കം റഷ്യയ്ക്കെതിരെയും സൈബർ ആക്രമണം അഴിച്ചുവിടുകയാണ്. ഇന്നലെ യുക്രൈൻ ബാങ്കിംഗ് മേഖല റഷ്യൻ സൈബറാക്രമണത്തിൽ പൂർണമായും തകർന്ന നിലയിലായിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ആർടി ന്യൂസിന്‍റെ വെബ്സൈറ്റ് രാവിലെ ഹാക്കർമാർ ഹാക്ക് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam