Ukraine crisis : വെടിനിർത്തൽ കഴിഞ്ഞു, യുദ്ധം തുടരുന്നു;  'നോ ഫ്ലൈ സോണെങ്കിൽ നാറ്റോ-റഷ്യ യുദ്ധമെന്ന് പുടിൻ

Web Desk   | Asianet News
Published : Mar 06, 2022, 01:23 AM IST
Ukraine crisis : വെടിനിർത്തൽ കഴിഞ്ഞു, യുദ്ധം തുടരുന്നു;  'നോ ഫ്ലൈ സോണെങ്കിൽ നാറ്റോ-റഷ്യ യുദ്ധമെന്ന് പുടിൻ

Synopsis

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്തെത്തിയിട്ടുണ്ട്

മോസ്കോ/ ഹാർകീവ്: യുക്രൈൻ-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യൻ പ്രസിഡന്‍റ് പുടിനുമായടക്കം ഇസ്രായേൽ പ്രധാനമന്ത്രി ച‍ർച്ച നടത്തും. യുക്രൈൻ യുദ്ധമടക്കം സന്ദർശനത്തിൽ ചർച്ചയാകും.

നാറ്റോയുമായി യുദ്ധത്തിനും സജ്ജമെന്ന് പുടിൻ

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പുടിൻ പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.

അതേസമയം, റഷ്യയിൽ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യൻ ടെലിവിഷനിൽ ഏയ്റോ ഫ്ലോട്ട് എന്ന റഷ്യൻ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്ലൈറ്റ് അറ്റൻഡന്‍റുമാരുമായി പുടിൻ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പൗരനിയമങ്ങളെല്ലാം പിൻവലിക്കപ്പെട്ട് എല്ലാ ഭരണസംവിധാനങ്ങളും പട്ടാളത്തിന്‍റെ അധീനതയിലാകുന്ന സ്ഥിതിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചാലുണ്ടാകുക. പുറത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽപ്പോലും ഉടനടി പട്ടാളനിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ വ്യക്തമാക്കുന്നു. 

അതേസമയം, റഷ്യൻ ഔദ്യോഗികവിമാനസർവീസായ ഏയ്റോഫ്ലോട്ട് എല്ലാ അന്താരാഷ്ട്രവിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസർവീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസർവീസുകൾ തുടരുമെന്നും ഏയ്റോഫ്ലോട്ട് വ്യക്തമാക്കുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങളെ സ്വന്തം രാജ്യങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. റഷ്യയിലേക്ക് ഈ രാജ്യങ്ങളുടെ വിമാനസർവീസുകളും വിലക്കിയാണ് റഷ്യ തിരിച്ചടിച്ചത്.

വീണെങ്കിലും ശബ്ദമുയർത്തി ഹെർസോൺ

അതേസമയം, യുക്രൈനിലെ ഹെർസോൺ നഗരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയും ഇന്ന് കണ്ടു. റഷ്യ പൂർണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന നഗരമാണ് ഹെർസോൺ. രണ്ടായിരത്തോളം സമരക്കാരാണ് പ്രതിഷേധവുമായി പ്രാദേശികസമയം രാവിലെ തെരുവിലിറങ്ങിയത്. സിറ്റി സെന്‍ററിലേക്ക് യുക്രൈനിയൻ ദേശീയഗാനം പാടി നടന്നെത്തിയ സമരക്കാർ 'ഹെർസോൺ യുക്രൈന്‍റേത്', 'റഷ്യക്കാർ തിരികെ പോകുക' എന്നീ മുദ്രാവാക്യങ്ങളുമുയർത്തി. നീപർ നദിയുടെ തെക്കൻ അറ്റത്തുള്ള നഗരമാണ് ഹെർസോൺ. ക്രിമിയയിലേക്കുള്ള ജലവിതരണത്തിന്‍റെ കേന്ദ്രം. മൂന്ന് ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നതെന്നാണ് കണക്ക്. നഗരമെമ്പാടും റഷ്യൻ മിലിട്ടറി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനെല്ലാമിടയിലാണ് ജീവൻ പണയം വച്ചും ഹെർസോൺ പൗരൻമാർ സമരത്തിനിറങ്ങിയത്. 

റഷ്യൻ വിമാനങ്ങൾ വെടിവച്ചിട്ട് യുക്രൈൻ

അതേസമയം, റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുന്നതിന്‍റെയും റഷ്യൻ മിലിട്ടറി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്‍റെയും നിരവധി ദൃശ്യങ്ങളാണ് യുക്രൈനിയൻ സൈന്യം പുറത്തുവിടുന്നത്. ദുർബലമായ സൈന്യമാണ് തങ്ങളുടേതെങ്കിലും ശക്തമായ റഷ്യൻ സൈന്യത്തെ പരമാവധി പ്രതിരോധിക്കുകയാണ് യുക്രൈൻ. വിദേശത്ത് നിന്ന് റഷ്യക്കെതിരെ പോരാടാനായി 66,000 പേർ രാജ്യത്ത് തിരികെയെത്തി എന്നാണ് യുക്രൈൻ അവകാശവാദം. 

ഇതിനിടെ, ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും യൂട്യൂബിനും വിലക്കേർപ്പെടുത്തി റഷ്യ. വിവിധ അന്താരാഷ്‍ട്ര മാധ്യമങ്ങളുടെ സൈറ്റുകൾക്കും വിലക്കുണ്ട്. വ്യാജ വാർത്തകൾ തടയുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം. ഇതോടെ ബിബിസി, സിഎൻഎൻ, ബ്ലൂംബർഗ്, എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നീ മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള പ്രവർത്തനം നിർത്തി. റഷ്യക്കെതിരെ 'വ്യാജവാർത്ത' നൽകിയാൽ 15 വർഷം ജയിൽ ശിക്ഷ നൽകുന്ന പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനവാർത്താമാധ്യമങ്ങളെല്ലാം റഷ്യ വിട്ടത്. പേയ്‍പാൽ, സാംസങ് എന്നീ കമ്പനികൾ റഷ്യയിലെ പ്രവ‍ർത്തനം അവസാനിപ്പിച്ചുകഴിഞ്ഞു. 

അമേരിക്കൽ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പോളണ്ടിലെത്തിയിട്ടുണ്ട്. യുക്രൈൻ അതിർത്തിയിൽ പോളിഷ് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. റഷ്യക്കെതിരെ പടിഞ്ഞാറൻ ഐക്യം ഉറപ്പിക്കുകയാണ് സന്ദർശന ലക്ഷ്യം. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലഹാരിസും കിഴക്കൻ യൂറോപ്പ് സന്ദർശിക്കും. മാർച്ച് 9 മുതൽ 11 വരെ പോളണ്ടിലും, റൊമാനിയയിലും കമല ഹാരിസ് എത്തും. യൂറോപ്പിലെ നാറ്റോ കക്ഷികൾക്കുള്ള പിന്തുണ പ്രഖ്യാപനം കൂടിയാണ് സന്ദർശനം.

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം