പുടിൻ-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലൻസ്കി അമേരിക്കയിലേക്ക്, തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച

Published : Aug 16, 2025, 07:23 PM IST
Volodymyr Zelenskyy and Donald Trump

Synopsis

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് സെലൻസ്കി പറഞ്ഞു.

വാഷിങ്ടൺ : വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലൻസ്കിയും ഒന്നര മണിക്കൂർ ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് താൻ ആവർത്തിച്ചതായി സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്തു. യുക്രെയ്ൻ, യുഎസ്, റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന ട്രംപിന്റെ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും സെലൻസ്കി അറിയിച്ചിട്ടുണ്ട്.

സുരക്ഷാ ഉറപ്പുകളിൽ അമേരിക്കയ്ക്കൊപ്പം യൂറോപ്യൻ യൂണിയനും എല്ലാ ഘട്ടത്തിലും പങ്കാളികളാകേണ്ടത് അത്യാവശ്യമാണെന്നും സെലൻസ്കി ട്രംപിനെ ഓർമ്മിപ്പിച്ചു. നാറ്റോ സെക്രട്ടറി ജനറൽ അടക്കം പ്രധാന യൂറോപ്യൻ നേതാക്കളുമായി സംസാരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് ശ്രമമെന്നാണ് ട്രംപിന്റെ അവകാശവാദം. 

ലോകമാകെ ഉറ്റുനോക്കിയ അലാസ്ക ഉച്ചകോടി 

ലോകമാകെ ഉറ്റുനോക്കിയ അലാസ്ക ഉച്ചകോടിക്ക്  തണുപ്പൻ അവസാനം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ, താൽക്കാലിക വെടിനിർത്തലെങ്കിലും നടപ്പാക്കുന്നതിനെക്കുറിച്ചൊ ഒരു തീരുമാനവുമാകാതെയാണ്ട് ട്രംപ് പുടിൻ കൂടിക്കാഴ്ച അവസാനിച്ചത്. ചില കാര്യങ്ങളിൽ ചർച്ചയിൽ പുരോഗതിയുണ്ടായി എന്നാൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിശദീകരണം. അടച്ചിട്ട മുറിക്കുള്ളിൽ മൂന്ന് മണിക്കൂറാണ് ട്രംപും പുടിനും ചർച്ച നടത്തിയത്. അതിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ രണ്ട് പേരും മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾ കേൾക്കാൻ തയ്യാറായതുമില്ല. 

നാറ്റോ സഖ്യകക്ഷികളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ഉടൻ സംസാരിക്കുമെന്നും ചർച്ചയുടെ വിശദാംശങ്ങൾ ധരിപ്പിക്കുമെന്നുമാണ് ട്രംപിന്റെ അറിയിപ്പ്. സമാധാനകരാറിന്റെ ബാധ്യത സെലൻസ്കിയുടെ ചുമലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖം. സെലൻസ്കിയെയും പുടിനെയും ഒരുമിച്ചിരുത്തി ചർച്ച നടത്താൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ്റെ ഭാഗത്ത് നിന്ന് ഇപ്പോഴത്തെ പുരോഗതി ഇല്ലാതാക്കുന്ന ഇടപെടലുണ്ടാകരുതെന്നാണ് പുടിന്റെ മുന്നറിയിപ്പ്. ഉടൻ വീണ്ടും കാണാമെന്ന ട്രംപിന്റെ ക്ഷണത്തിന് അത് മോസ്കോയിൽ വച്ചാകട്ടെയെന്ന മറുപടിയോടെയാണ് പുടിൻ അലാസ്കയിൽ നിന്ന് വിടവാങ്ങിയത്. 

 

 

PREV
Read more Articles on
click me!

Recommended Stories

സുനാമികളിലും ഭൂകമ്പങ്ങളിലും കുലുങ്ങാത്ത ജപ്പാൻ; സമാനതകളില്ലാത്ത പ്രതിരോധം, സന്ദർശകർക്ക് ഒരു വഴികാട്ടി
തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO