
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.
രണ്ട് കൂട്ടര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളുണ്ടാകുമെന്നും ഇരു രാജ്യങ്ങളും സമാധാനം പുലര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കും വ്യക്തമാക്കി. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെയുള്ള സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസും അറിയിച്ചു.
നിയന്ത്രണ രേഖയുടെ ദൃഢത ഉറപ്പാക്കി പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്‍റെ പദവി എടുത്തുകളഞ്ഞതിനെതിരെ എതിരെ പാകിസ്ഥാൻ ഇന്ത്യയെ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധമറിയിച്ചത്. അതേസമയം, വിവിധ രാജ്യങ്ങളെ തീരുമാനം ബോധ്യപ്പെടുത്താനുള്ള ശ്രമം ഇന്ത്യയുടെ തുടരുകയാണ്.
അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറിമാരോടും സ്ഥാനപതികളോടും വിശദീകരിച്ചിരുന്നു. ഇന്നലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നിരവധി സ്ഥാനപതിമാരുമായി ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാനും രാജ്യാന്തര തലത്തില്‍ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam