ടെൽ അവീവ്: ഗാസ പിടിച്ചെടുക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പദ്ധതിയെന്താണെന്നതിൽ ഇനിയും അവ്യക്തത. നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ ബന്ദികളുടെ കുടുംബം അടുത്ത ഞായറാഴ്ച്ച രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു. നീക്കത്തിനെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയും രംഗത്തെത്തി.
വിശദ വിവരങ്ങൾ
പൂർണ സൈനിക നീക്കത്തിലൂടെ ഹമാസിനെ പുറത്താക്കി ഭരണമാറ്റമെന്നും ഹമാസിന് പകരം സിവിലിയൻ ഭരണമെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന നിലപാട്. ഫലത്തിൽ അത് ഗാസ പിടിച്ചടക്കൽ തന്നെയാകും. പക്ഷെ ഗാസയിലേക്ക് കടന്നു കയറുന്നത് കെണിയിൽ ചെന്നു വീഴുന്നതിന് തുല്യമാുമെന്നാണ് പ്രതിപക്ഷം ഉൾപ്പടെ മുന്നറിയിപ്പ് നൽകുന്നത്. സൈനിക നീക്കത്തലൂടെ ബന്ദി മോചനവും ഭരണമാറ്റവും നടപ്പാകണമെങ്കിൽ മാസങ്ങൾ നീളുന്ന നടപടിയും ഗാസയുടെ സമ്പൂർണ തകർച്ചയുമായിരിക്കും ഫലം. അതോ, ഇത് ഹമാസിനെതിരെയുള്ള സമ്മർദ തന്ത്രമാണോയെന്നും വ്യക്തതയില്ല. ഹമാസ് ആയുധം താഴെ വെച്ച് ഭരണം വിട്ടൊഴിയാൻ തയാറാവാത്തതാണ് ചർച്ചകളിലുള്ള പ്രധാന തടസ്സം. ഇസ്രയേൽ പിന്മാറാതെ ഇത് സാധ്യമല്ലെന്നാണ് ഹമാസ് നിലപാട്. ഇസ്രയേൽ നീക്കത്തിനെതിരെ ലോകത്തെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഹമാസ് തടവിലാക്കിയ ബന്ദികളുടെ കുടുംബങ്ങളും ഗാസ പിടിച്ചടക്കുന്നതിന് എതിരാണ്. അടുത്ത ഞായറാഴ്ച്ച രാജ്യവ്യാപക പ്രതിഷേധമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നെതന്യാഹു
ഗാസ കീഴടക്കാനുള്ള സൈനികപദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയും നീക്കത്തെ ന്യായീകരിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഹമാസിനെ പരാജയപ്പെടുത്താൻ മറ്റു മാർഗമില്ലെന്നാണ് വാദം. ഇപ്പോൾത്തന്നെ ഗാസയുടെ 75 ശതമാനത്തോളം ഇസ്രയേൽ നിയന്ത്രണത്തിലാണ്. അപ്പോഴും ഹമാസ് ശക്തികേന്ദ്രങ്ങൾ ബാക്കിയാണ്. അവിടെയാണ് ബാക്കി കൂടി പിടിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്. പദ്ധതി തയാറെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക നടപടിക്ക് മുൻപായി സുരക്ഷാ മേഖലകൾ പ്രത്യേകം നിശ്ചയിക്കും. സിവിലിയനമാർക്കായി പ്രത്യേകം സുരക്ഷാ മേഖലകളിൽ ഭക്ഷണവും വെള്ളവും ചികിത്സയും നൽകും. വേഗത്തിൽ നടപടി പൂർത്തിയാക്കും. ഹമാസിനെ പരാജയപ്പെടുത്തും. പുതിയ സിവിലിയൻ ഭരണം കൊണ്ടു വരും. ബന്ദികളെ മോചിപ്പിക്കും. ഗാസയിൽത്തന്നെ തുടരാൻ ഉദ്ദേശമില്ലെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ വഴിയെന്നാണ് ഇസ്രയേൽ ന്യായീകരിക്കുന്നത്. ഗാസയിലെ പട്ടിണിയുടെ പേരിൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട ഇസ്രയേൽ ഗാസയിലേക്ക് വിദേശ മാധ്യമങ്ങളെ കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ്. യു കെ, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഗ്രീസ് , സ്ലോവേനിയ എന്നീ രാഷ്ട്രങ്ങൾ ഇസ്രയേൽ നീക്കത്തോട് എതിർപ്പ് ആവർത്തിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ ഐ സിയും നീക്കത്തെ അപലപിച്ചു. ഗാസയിൽ ദാരുണമായ കാഴ്ച്ചകൾ തുടരുകയാണ്. സഹായത്തിനായി എയഡ്രോപ്പ് ചെയ്യുന്ന ഭക്ഷണമടങ്ങുന്ന പെട്ടികൾ വരെ അപകടങ്ങളിലേക്കും മരണങ്ങളിലേക്കും നയിക്കുന്നു. പുതിയ നീക്കത്തിനെതിരെ ഇസ്രയേലിൽ എങ്ങും പ്രതിഷേധം തുടരുകയാണ്. ഗാസ പിടിക്കാൻ തീവ്രവലതുപക്ഷ മന്ത്രിമാരായ ഇതമർ ബെൻഗഫിർ, സ്മോറിച്ച് എന്നീ മന്ത്രിമാരുടെ കടുത്ത സമ്മർദം നെതന്യാഹു സർക്കാരിന് മേലുണ്ട്. നേരത്തെ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവെച്ചവരാണിവർ.